തലശ്ശേരി: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെയുള്ള മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംക്ഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ചുരുളി. തിരുവനന്തപുരത്തും, കൊച്ചിയിലും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തലശ്ശേരിയിലും തരംഗമായി. തെറ്റുകൾ ശരിയായും, ശരികൾ തെറ്റായും മാറിമറിയുന്ന സങ്കീർണമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ചുരുളിക്ക് മേളയുടെ തലശ്ശേരി പതിപ്പിൽ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല.
വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത്. മനസ്സിന്‍റെ അടിസ്ഥാന ചേതനകലളാൽ ചുഴലുന്ന മനുഷ്യന്‍റെ കഥയാണ് ചുരുളിയുടെ ഇതിവൃത്തം. ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.