തന്‍റെ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ത്രീ ഡി ചിത്രത്തിന്‍റെ സംഗീത സംവിധായകനെ പരിചയപ്പെടുത്തി മോഹന്‍ലാല്‍. പതിമൂന്ന് വയസ്സുകാരനായ പിയാനോ വാദകന്‍ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന് സംഗീതം ഒരുക്കുക.
‘ആശിര്‍വാദത്തോടെ ലാലേട്ടന്‍’ എന്ന പരിപാടിയ്ക്കിടെയാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനവും പരിചയപ്പെടുത്തലും നടത്തിയത്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്‍റ് ഷോയില്‍ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനമായ ഏഴരക്കോടി രൂപ നേടിയത് ലിഡിയനായിരുന്നു. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. 'ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ‘ബറോസ്സി’ ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബറോസ് ചിത്രീകരിക്കുന്നത്. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.