ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' നാളെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക. ചിത്രം റിലീസിനോട് അടുക്കുമ്പോള്‍ നിരന്തരം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പ്' ലൈറ്റ് അപ് ചെയ്‌തിരിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.
ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പ്' ലൈറ്റ് അപ് ചെയ്‌തിരിക്കുന്നതിന്‍റെ വീഡിയോ ദുല്‍ഖര്‍ സല്‍മാനും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ മനോഹര ദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ എത്തിയിട്ടുണ്ട്. നിരവധി പേരാണ് തങ്ങളുടെ പ്രിയ നടന്‍റെ ദൃശ്യങ്ങള്‍ കാണാന്‍ ബുര്‍ജ് ഖലീഫയ്‌ക്ക് ചുറ്റും തടിച്ചു കൂടിയത്. ദുല്‍ഖറുടെ സാന്നിധ്യവും ആരാധകരുടെ ആവേഷമുയര്‍ത്തി. ആരാധകരെ സന്തോഷപൂര്‍വ്വം അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറെയും വീഡിയോയില്‍ കാണാം.
- " class="align-text-top noRightClick twitterSection" data="">
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുക. കേരളത്തില്‍ മാത്രം 400ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. വന്‍ ഒടിടി ഓഫറുകള്‍ വേണ്ടെന്ന് വെച്ചാണ് കുറുപ്പ് തിയേറ്റര്‍ റിലീസിനായി തിരഞ്ഞെടുത്തത്.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്‍റെയും സംവിധായകന്‍. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖര്‍, ശോഭിത എന്നിവരെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈം ടോം ചാക്കോ, സണ്ണി വെയ്‌ന്‍, പി.ബാലചന്ദ്രന്‍, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ദുല്‍ഖറിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Also Read:'ജന ഗണ മന' ക്കെതിരെ പ്രതിഷേധം; പൃഥ്വിരാജ് ചിത്രത്തിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും