ലോസ് ആഞ്ചലസ്: ബാറ്റ്മാൻ വേഷം അവതരിപ്പിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് താൻ എഴുതിയ ചിത്രത്തിൽ സൂപ്പർ മാൻ ആയി വേഷമിടാൻ ബെൻ അഫ്‌ലെക്കിന് അവസരമുണ്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ കെവിൻ സ്‌മിത്ത്. 1990കളുടെ അവസാനത്തിൽ വാർണർ ബ്രദേഴ്‌സ് സൂപ്പർമാൻ റീബോൺ എന്ന പേരിൽ പുതിയ സൂപ്പർമാൻ സിനിമ നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ചിത്രത്തിന്‍റെ തിരക്കഥ തനിക്ക് ഇഷ്‌ടപ്പെടാതെ വരികയും തുടർന്ന് ഡെത്ത് ഓഫ് സൂപ്പർമാൻ എന്ന പേരിൽ കോമഡി സീരീസിന് കഥ തയാറാക്കുകയും ചെയ്തുവെന്ന് കെവിൻ സ്‌മിത്ത് പറയുന്നു.
സൂപ്പർമാൻ വേഷം അവതരിപ്പിക്കാൻ അഫ്‌ലെക്കിനെയും വില്ലൻ കഥാപാത്രമായ ലെക്‌സ് ലൂതറിന്‍റെ വേഷം അവതരിപ്പിക്കാൻ മൈക്കൾ റൂക്കറിനെയുമാണ് താൻ കണ്ടെത്തിയിരുന്നത്. നിർമാതാവ് ജോൺ പീറ്റേഴ്‌സുമായി ചേർന്ന് കഥ വികസിപ്പിച്ചുവെങ്കിലും അവസാനം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ നിർമാതാവുമായി പിണങ്ങി ചിത്രം ഉപേക്ഷിക്കുകയാണുണ്ടായതെന്നും കെവിൻ സ്‌മിത്ത് വെളിപ്പെടുത്തി.
1995ലെ ക്രൈം ഡ്രാമയായ ഡെഡ് മാൻ വാക്കിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നോമിനേഷൻ നേടിയ സീൻ പെൻ ആയിരുന്നു നിർമാതാവ് പീറ്റേഴ്‌സിന്‍റെ മനസിലെ സൂപ്പർമാൻ. എന്നാൽ താൻ കഥ എഴുതുമ്പോൾ സൂപ്പർ മാൻ ആയി അഫ്‌ലെക്ക് ആയിരുന്നു മനസിൽ ഉണ്ടായിരുന്നതെന്നും അഫ്‌ലെക്കിന്‍റെ ശരീരപ്രകൃതി സൂപ്പർ ഹീറോ പോലെ ആയിരുന്നുവെന്നും സ്‌മിത്ത് പറയുന്നു. കൊലയാളികളുടെ കണ്ണുകളുള്ള സീൻ പെന്നിന് തനിക്ക് സൂപ്പർ മാൻ പോലൊരു സൂപ്പർ ഹീറോ വേഷം നൽകാൻ തോന്നിയില്ലെന്നും സ്‌മിത്ത് പറഞ്ഞു.
അതേസമയം, വാർണർ ബ്രദേഴ്‌സിന്‍റെ 2022 നവംബർ 4ന് പുറത്തിറങ്ങാനിരിക്കുന്ന എസ്ര മില്ലറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന "ദി ഫ്ലാഷ്" ൽ ബാറ്റ്മാന്‍റെ വേഷം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അഫ്‌ലെക്ക്.
Also Read: ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും