ഇന്ത്യയുടെ അഭിമാനതാരം പി ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. ബോളിവുഡ് താരം കത്രീനാ കൈഫാണ് ചിത്രത്തിൽ ഉഷയായി വേഷമിടുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിങ്ങിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയിയിൽ ഉയരുന്നത്. ഇതിലും മോശം കാസ്റ്റിങ് തൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ഒരു പ്രേക്ഷക പറയുന്നത്. ഇതുപോലൊരു വേഷം എങ്ങനെയാണ് കത്രീനാ കൈഫ് ചെയ്താൽ ശരിയാവുകയെന്നും പ്രേക്ഷകർ ചോദിക്കുന്നു.
പി ടി ഉഷയാകാൻ പ്രിയങ്ക ചോപ്രയെയാണ് ആദ്യം സമീപിച്ചതെങ്കിലും മറ്റു തിരക്കുകൾ കാരണം പ്രിയങ്ക തയ്യാറായില്ല. ഇതേത്തുടർന്നാണ് വേഷം കത്രീനയിലെത്തുന്നത്. സംവിധായികയും തിരക്കഥാകൃത്തുമായ രേവതി എസ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.