സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ബോളിവുഡ് താരങ്ങൾക്കായി തന്‍റെ വീട്ടിൽ ഒരുക്കിയ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗിച്ചതായി ശിരോമണി അകാലിദൾ എംഎൽഎ മജീന്ദർ സിങ്ങ് ആരോപിച്ചിരുന്നു. കരൺ ജോഹർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പാർട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു എംഎല്‍എ ആരോപണം ഉന്നയിച്ചത്.
ദീപിക പദുകോൺ, രൺബീർ കപൂർ, ഷാഹിദ് കപൂർ, വരുൺ ധവാൻ, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു പാർട്ടിയില്‍ പങ്കെടുത്തത്. എന്നാല്‍ എംഎൽഎയുടെ ആരോപണത്തിന് താരങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവം നടന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വിവാദത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരൺ ജോഹർ.
”കഠിനമായ ഒരാഴ്ചത്തെ ജോലിക്ക് ശേഷം പരസ്പരം സമയം ചെലവിടാനും ആഘോഷിക്കാനുമാണ് അന്ന് എല്ലാവരും ഒത്തുകൂടിയത്. വീഡിയോ വെറുതെ ഷൂട്ട് ചെയ്തതാണ്. വീഡിയോയിൽ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് പുറത്തുവിടാൻ ഞാൻ മണ്ടനൊന്നുമല്ല,” കരൺ ജോഹർ പറഞ്ഞു. വിക്കി കൗശലിന്‍റെ മുഖഭാവവും പെരുമാറ്റവും ലഹരി മരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവായി ആരോപണം ഉയർന്നിരുന്നു. ഇതിനുളള മറുപടിയും കരൺ ജോഹർ പറഞ്ഞു. ”വിക്കിക്ക് ഡെങ്കിപ്പനി ആയിരുന്നു. പതുക്കെ മാറി വരികയായിരുന്നു. നാരങ്ങ പിഴിഞ്ഞൊഴിച്ച ചൂടുവെളളമാണ് അവൻ കുടിച്ചത്. പ്രകാശത്തിന്‍റെ നിഴലാണ് അവന് അടുത്തായിരുന്നതെന്തോ പൗഡറുപോലെ തോന്നിച്ചത്.”
സുഹൃത്തുക്കൾ ഒത്തുചേർന്നൊരു ചെറിയ പാർട്ടി മാത്രമായിരുന്നു അതെന്നും കരൺ ജോഹർ വ്യക്തമാക്കി. ”വീഡിയോ ഷൂട്ട് ചെയ്യുന്നതിന് അഞ്ച് മിനിറ്റ് മുൻപുവരെ എന്‍റെ അമ്മ ഞങ്ങൾക്കൊപ്പം അവിടെ ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേർന്ന് സമയം പങ്കിടുകയും, സംഗീതം കേൾക്കുകയും, നല്ല ഭക്ഷണം കഴിക്കുകയും ചെയ്ത് സന്തോഷത്തോടെയുളള ഒത്തുചേരൽ ആഗ്രഹിക്കുന്നൊരു കുടുംബമാണ് ഞങ്ങളുടേത്. അവിടെ മറ്റൊന്നും നടക്കാറില്ല,” കരൺ ജോഹർ പറഞ്ഞു.