അമല പോള്‍ പ്രധാനവേഷത്തിലെത്തിയ 'ആടൈ' എന്ന ചിത്രം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വളരെ ശക്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ അമല എത്തിയത്. ഇപ്പോള്‍ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കങ്കണ റണാവത്ത് ആയിരിക്കും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുക.
ആടൈയില്‍ അമല പോള്‍ അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുക. ആടൈയുടെ സംവിധായകന്‍ രത്‌നകുമാര്‍ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ട്. അദ്ദേഹം തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകളും സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ആടൈ ഒരുക്കിയത്. പെട്ടെന്നൊരു ദിവസം വലിയ കെട്ടിടത്തിനുള്ളില്‍ നഗ്‌നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന്‍റെ കാരണങ്ങളുമാണ് ചിത്രം പറഞ്ഞത്.
നിലവില്‍ ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് കങ്കണ. ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ആടൈക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.