പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ചിത്രത്തിന്‍റെ നിർമാണം നിർത്തിവച്ചു. പൃഥ്വിരാജ് കടുവക്കുന്നേല്‍ കുറുവച്ചനായെത്തുന്ന മലയാളചിത്രം ഈ മാസം 17നായിരുന്നു ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
"നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് 'കടുവ' സിനിമയുടെ ഷൂട്ടിങ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും," എല്ലാവരും സുരക്ഷിതരായി ഇരിക്കൂവെന്ന് പറഞ്ഞുകൊണ്ട് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് കടുവ ചിത്രീകരണത്തിലേക്ക് കടന്നത്. കഥയുമായി സാമ്യമുണ്ടെന്ന പേരിൽ കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിന് മേൽ കോടതി വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപി ചിത്രം മുന്നോട്ടുപോവുകയുമായിരുന്നു. ഇതുകൂടാതെ, രണ്ട് ചിത്രങ്ങൾക്കെതിരെയും കുരുവിനാക്കുന്നേൽ കുറുവച്ചൻ രംഗത്തെത്തിയിരുന്നു. തന്‍റെ അനുമതിയില്ലാതെ തന്‍റെ കഥ സിനിമയാക്കാൻ പറ്റില്ലെന്നും വർഷങ്ങൾക്ക് മുൻപ് രഞ്ജി പണിക്കരുമായി പറഞ്ഞുവച്ച കഥയാണ് ഇതെന്നും കുറുവച്ചൻ അവകാശപ്പെട്ടു.
2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്‍കിയ കടുവക്കുന്നേല്‍ കുറുവച്ചന്‍റെ തിരക്കഥയാണ് ഇപ്പോള്‍ കടുവ എന്ന പേരില്‍ സിനിമയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അനുരാഗ് അഗസ്റ്റസ് എന്ന നിർമാതാവും രംഗത്തെത്തിയിട്ടുണ്ട്. നിർമാതാവിന്‍റെ പരാതിയിൽ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി കടുവയുടെ നിർമാണവും പരസ്യപ്രചാരണവും തടഞ്ഞുകൊണ്ട് മൂന്നാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. നിയമപോരാട്ടങ്ങളെല്ലാം അതിജീവിച്ച് രണ്ടാഴ്ച മുമ്പ് ചിത്രീകരണത്തിലേക്ക് കടന്നെങ്കിലും കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഷൂട്ടിങ് നിർത്തിവക്കേണ്ടി വന്നത്. വലിയൊരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാത്തി കമിങ് ഗാനത്തിന് ചുവട് വച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ വൃദ്ധി വിശാലും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ മകളായാണ് വൃദ്ധി വേഷമിടുന്നത്.
Also Read: ഇതാണ് കടുവാക്കുന്നേൽ കുറുവച്ചൻ