ഇന്ത്യന്‍ സിനിമയുടെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ കടന്നുവന്ന് ഭാരതീയ സംഗീതത്തിന്‍റെ വാനമ്പാടിയായി മാറിയ ലതാ മങ്കേഷ്കറിന് ഇന്ന് 90ാം പിറന്നാള്‍.
1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ച് മക്കളിൽ മൂത്തയാൾ. പതിമൂന്നാം വയസില്‍ സിനിമയില്‍ അഭിനയരംഗത്ത് ചുവടുവച്ചുതുടങ്ങിയ ലതയാണ് പിന്നീട് രാജ്യം കണ്ട ഏറ്റവും മികച്ച ഗായികയായി മാറിയത്. അച്ഛന്‍റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് അവരെ കലാരംഗത്ത് കൈപിടിച്ചുയർത്തിയത്. 1942ല്‍ സിനിമയില്‍ ആദ്യഗാനം ആലപിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. എന്നാല്‍ ആ വര്‍ഷം തന്നെ 'പഹലി മംഗളഗോര്‍' എന്ന മറാത്തി ചിത്രത്തിലെ ഗാനത്തിലൂടെ ലതാജിയുടെ സംഗീതസപര്യക്ക് തുടക്കമായി. 1943-ൽ 'ഗജാബാഹു' എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ' എന്നതാണ് ആദ്യ ഹിന്ദി ഗാനം. എന്നാല്‍ 1949ല്‍ പുറത്തിറങ്ങിയ 'മജ്ബൂർ' എന്ന ചിത്രത്തിലെ ഗുലാം ഹൈദർ ഈണമിട്ട 'മേരാ ദില്‍ തോഡാ' എന്ന ഗാനമാണ് ലതാ മങ്കേഷ്കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. ആ സ്വരം ഇന്ത്യ താൽപര്യത്തോടെ കേൾക്കാൻ തുടങ്ങിയത് അന്നുമുതലാണ്. പിന്നീട് ഹിറ്റുകളില്‍ നിന്ന് അനശ്വരമായ സൂപ്പർഹിറ്റുകളിലേക്കുള്ള യാത്രയായിരുന്നു ലതാജീയുടെ സംഗീത ജീവിതം.
ദേശാതിര്‍വരമ്പുകള്‍ ഭേദിച്ച് പതിനഞ്ച് ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങളാണ് ലതാ മങ്കേഷ്കർ ആലപിച്ചത്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലതാജിയുണ്ട്. പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള അവർ പക്ഷെ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചത്. വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ’.ലതാജിക്കൊപ്പം ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച ഗായിക സഹോദരി ആശാ ഭോസ്ലെയാണ്. 74 ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയത്.
1969ല്‍ പത്മഭൂഷണും 1989ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999ല്‍ പത്മവിഭൂഷണും, 2001ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങള്‍ നല്‍കി രാജ്യം ലത മങ്കേഷ്കറെ ആദരിച്ചു. സജീവ സംഗീത ലോകത്ത് നിന്നും ലതാജി പിൻമാറിയിട്ട് വർഷങ്ങളായി. ഇതുവരെ പാടിക്കഴിഞ്ഞതിനപ്പുറം എന്തെങ്കിലും ആകർഷകമായി തോന്നിയാല്‍ മാത്രമേ ഇനി അവർ മൈക്ക് കയ്യിലെടുക്കു. എങ്കിലും താൻ അനശ്വരമാക്കിയ അനേകം ഗാനങ്ങളിലൂടെ എട്ട് പതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകുകയാണ് ആ സ്വപ്നസ്വരമാധുര്യം.