ടൈറ്റാനിക്കിന്‍റെ നായകനിന്ന് നാൽപത്തിയഞ്ചാം പിറന്നാൾ. ആറു തവണ ഓസ്‌കാർ അവാർഡിന് നിർദേശിക്കപ്പെട്ട ലിയോനാർഡോ വിൽഹെം ഡികാപ്രിയോ 1974 നവംബർ 11ന് കാലിഫോർണിയയിലാണ് ജനിച്ചത്. ടെലിവിഷൻ പരസ്യ ചിത്രങ്ങളിലൂടെയും ടിവി സീരീയലുകളിലൂടെയും അഭിനയരംഗത്തേക്കെത്തിയ ലിയോനാർഡോ ടൈറ്റാനിക്കിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിലൂടെയാണ് ജനപ്രീതിയാർജ്ജിച്ചത് . എൺപതുകളുടെ അവസാനമാണ് ഡികാപ്രിയോ അഭിനയത്തിൽ സജീവമായിത്തുടങ്ങിയത്. പിന്നീട് ചലച്ചിത്ര നടനും നിർമാതാവുമായി ഹോളിവുഡിൽ ആധിപത്യം സ്ഥാപിച്ചു.
റോമിയോ ആന്‍റ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ലിയോനാർഡോ മുഖ്യവേഷങ്ങൾ ചെയ്തു. ദി എവിയേറ്റർ, ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ചു. കൂടാതെ അഞ്ച് തവണ അഭിനയത്തിനും ഒരു തവണ നിർമാണത്തിനും അക്കാദമി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുണ്ട്. എന്നാൽ ദി വുൾഫ് ഓഫ് ദി വാൾ സ്ട്രീറ്റ്, ബ്ലഡ് ഡയമണ്ട്, ഏവിയേറ്റർ എന്നീ സിനിമകൾ ഡികാപ്രിയോയെന്ന അഭിനേതാവിനെ പകരം വക്കാനാവാത്ത കലാകാരനാക്കി മാറ്റി. 2016ൽ ദി റെവനന്‍റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കാർ താരം സ്വന്തമാക്കി.
മുൻ അമേരിക്കൻ പ്രസിഡന്‍റ് തിയോഡോർ റൂസ്‌വെൽറ്റിന്‍റെ ബയോപിക്ക് ചിത്രം 'റൂസ്‌വെൽറ്റും' പ്രശസ്‌ത എഴുത്തുകാരൻ ഡേവിഡ് ഗ്രാന്‍റെ 'കില്ലേഴ്‌സ് ഓഫ് ഫ്ലവർ മൂൺ' എന്ന പുസ്‌തകത്തെ ആധാരമാക്കി നിർമ്മിക്കുന്ന സിനിമയുമാണ് ലിയോനാർഡോ ഡികാപ്രിയോയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ .ഇതില്‍ 'റൂസ്‌വെൽറ്റും' നിർമിക്കുന്നതും ലിയോനാർഡോ ഡികാപ്രിയോയാണ്.