തിരുവനന്തപുരം: സർക്കാർ തിയേറ്ററുകൾ അടുത്തയാഴ്ച തുറക്കാൻ തീരുമാനമായതായി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.സമാന്തര സിനിമകൾ പ്രദർശിപ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അടച്ചിട്ടിരുന്ന തിയേറ്ററുകളുടെ അറ്റകുറ്റപ്പണികൾ അടുത്തയാഴ്ചയോടെ പൂർത്തിയാക്കി പ്രദർശനമാരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഷാജി എൻ കരുൺ പറഞ്ഞു. സിനിമകൾ പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവരെ അതിന് അനുവദിക്കും. സംസ്ഥാനത്ത് സർക്കാരിന്‍റെ ഉടമസ്ഥതയിൽ 19 തിയേറ്ററുകളാണുള്ളത്.
നിശാഗന്ധി ഓപ്പൺ എയർ തിയേറ്ററിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. 3000 പേർക്ക് ഇരിക്കാവുന്ന നിശാഗന്ധിയിൽ 200 പേർക്ക് സിനിമ കാണാവുന്ന തരത്തിൽ അകലം ക്രമീകരിക്കും. കാണികളുടെ പ്രതികരണം അറിഞ്ഞ ശേഷം തുടർച്ചയായി ഇവിടെ സിനിമ കാണിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കും. കൊവിഡ് ഭീതിയിൽ തിയേറ്ററുകളിലേക്ക് എത്താൻ മടിക്കുന്ന കാണികളെ സുരക്ഷ ഉറപ്പുവരുത്തി വീണ്ടും തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഷാജി എൻ കരുൺ പറഞ്ഞു.