ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണം സംബന്ധിച്ച കേസില്‍ അറസ്‌റ്റിലായ നടി റിയാ ചക്രബര്‍ത്തിയെ വെറുതെ വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി. "രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണ് റിയ ചക്രബര്‍ത്തി. ഇനി അധികം ഉപദ്രവിക്കാതെ അവരെ വെറുതെ വിടണം" - ചൗധരി ആവശ്യപ്പെട്ടു. സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്നുള്ള എയിംസ് ഫൊറൻസിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചൗധരിയുടെ പ്രതികരണം.
സംഭവത്തെ രാഷ്‌ട്രീയവത്കരിക്കുന്നവര്‍ എയിംസിന്‍റെ പ്രസ്‌താവനയെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും, റിയയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും ചൗധരി അഭിപ്രായപ്പെട്ടു. സുശാന്തിന്‍റെ മരണത്തില്‍ നമുക്ക് എല്ലാവര്‍ക്കും വിഷമമുണ്ട്. എന്നു കരുതി, അനാവശ്യമായി ഒരു സ്‌ത്രീയെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ ശ്രമിക്കരുതെന്നും അധിര്‍ രഞ്ജൻ ചൗധരി കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ് റിയാ ചക്രബര്‍ത്തി. സിബിഐക്ക് പുറമെ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എന്നീ ഏജൻസികളും സുശാന്ത് സിങ്ങിന്‍റെ മരണം, ബോളിവുഡിലെ ലഹരിമരുന്നുകളുടെ ഉപയോഗം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തുന്നുണ്ട്.