സ്വയം കരയുമ്പോഴും മലയാളിയെ ചിരിപ്പിച്ച അതുല്യ കലാകാരൻ. മലയാള സിനിമയില്‍ ഹാസ്യനടനായും വില്ലനായും നായകനായും തിളങ്ങിയ കലാഭവൻ മണി വിസ്‌മയ പ്രതിഭ ഓർമയായിട്ട് ഇന്ന് നാല് വർഷം. ങ്ങ്യാ..ഹ.ഹ.. എന്ന ട്രേഡ്‌മാര്‍ക്ക് ചിരിയോടു കൂടി തുടങ്ങുന്ന നാടൻ പാട്ടുകളും മലയാളികൾക്കെന്നും ഓര്‍ത്തു ചിരിക്കാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ബാക്കിയാക്കിയാണ് നാല് വർഷം മുമ്പ് അദ്ദേഹം യാത്രയായത്.
ആടിയും പാടിയും സാധാരണക്കാരോട് കഥ പറഞ്ഞും നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായാണ് മണി ജീവിച്ചത്. അഭിനയം, മിമിക്രി, പാട്ട്, തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്‍റേതായ ശൈലി കൊണ്ട് മലയാളിയുടെ ഹൃദയത്തോട് ചേർന്നു നിന്ന കലാകാരനായിരുന്നു കലാഭവൻ മണി. സ്റ്റേജ് ഷോകളില്‍ ഇത്രയധികം ആരാധകരെ സൃഷ്ടിച്ച കലാകാരൻ മണിക്ക് ശേഷവും മുൻപും ഉണ്ടായിട്ടില്ലെന്ന് ആരാധകർ പറയും. തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ ജനിച്ച് സ്വന്തം അധ്വാനത്തിലൂടെ അഭിനയവും ആലാപനവും സ്വായത്തമാക്കിയ മണി ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും ഓടിയെത്തിയിരുന്നത് സ്വന്തം മണ്ണിലേക്കായിരുന്നു. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്പോഴും മരണവും ചാലക്കുടിയിലെ വീട്ടില്‍ തന്നെ. കഷ്ടതകളുടെ കാലം ഓർമയില്‍ സൂക്ഷിച്ച മണി എന്നും കഷ്ടപ്പെടുന്നവർക്ക് ആശ്രയമായിരുന്നു. സഹായ ഹസ്തവുമായി എപ്പോഴും മണിച്ചേട്ടൻ ഒപ്പമുണ്ടാകുമെന്ന് നിരവധി പേർ വിശ്വസിച്ചിരുന്നു.
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ മണി 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ- സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി അവാർഡ് മണിയെ തേടിയെത്തി. കരിമാടിക്കുട്ടന്‍, കന്മഷി, വാല്‍ക്കണ്ണാടി തുടങ്ങി മലയാളിയുടെ മനസ്സില്‍ ഒളിമങ്ങാത്ത നിരവധി നായക കഥാപാത്രങ്ങള്‍ മണി അതുല്യമാക്കി.
ചേനുത്ത് മണിക്കൂടാരത്തിൽ അദ്ദേഹം ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. എന്നാൽ ഒളിമങ്ങാത്ത ചിരിയും, ആടിതീർക്കാൻ കാലം അനുവദിക്കാതെ പോയ കഥാപാത്രങ്ങളും കൊണ്ട് കലാഭവൻ മണി ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.