ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി.നടി രേവതിയാണ് അഞ്ചാം പ്രതി. മണിരത്‌നം, രേവതി, അപര്‍ണ സെന്‍, അനുരാഗ് കശ്യപ് എന്നിവരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബിഹാറിലെ സദര്‍ പൊലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ സമർപ്പിച്ചത്. കത്തില്‍ ഒപ്പിട്ട 50 പേര്‍ രാജ്യത്തിന്‍റെ യശസിന് കോട്ടം വരുത്തിയെന്നും പ്രധാനമന്ത്രിയുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹർജിയില്‍ പറയുന്നത്. രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനലംഘനം ഉദ്ദേശിച്ചുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്യാം ബെനഗല്‍, സൗമിത്രോ ചാറ്റര്‍ജി, ശുഭാ മുഡ്ഗല്‍ തുടങ്ങിയവരും ജൂലൈയില്‍ അയച്ച കത്തില്‍ ഒപ്പുവച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അഭിപ്രായഭിന്നതയില്ലാതെ ജനാധിപത്യമില്ലെന്നും ജയ്ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി അധപതിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.