കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ കോളജ് ഡേ ഉദ്ഘാടന ചടങ്ങില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്‌ക ഇടപ്പെടുന്നു. മെഡിക്കല്‍ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്.
തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതായുമായിരുന്നു ബിനീഷിന്‍റെ വെളിപ്പെടുത്തല്‍. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ അനിൽ രാധാകൃഷ്ണ മേനോനോട് അടിയന്തരമായി വിശദീകരണം തേടാൻ ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും.
'ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്', ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.