സംവിധായകൻ പ്രിയദർശനോട് രണ്ടാമൂഴം പ്രൊജക്ട് ഏറ്റെടുക്കാൻ അപേക്ഷിച്ച് ആരാധകർ. ദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയാണ് സംവിധായകന്‍ 'രണ്ടാമൂഴം' ഏറ്റെടുക്കണമെന്ന അഭ്യർത്ഥനയുമായി ആരാധകര്‍ രംഗത്ത് വന്നത്.
'അമിതാഭ് ജി, അഭിനന്ദനങ്ങൾ. അങ്ങയുമൊത്ത് നാൽപത് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു. ജീവിതത്തിൽ എനിക്ക് ഇനി രണ്ട് സ്വപ്നങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്. ഒന്ന് അമിതാഭ് ബച്ചനുമായി ഒരു സിനിമ. മറ്റൊന്ന് ശ്രീ എം ടി വാസുദേവൻ നായർ സാറിന്‍റെ തിരക്കഥയിൽ സംവിധാനം. ഇത് രണ്ടും ഉടൻ തന്നെ യാഥാർഥ്യമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ എന്നായിരുന്നു ബച്ചനെ അഭിനന്ദിച്ച് കൊണ്ട് പ്രിയദർശൻ കുറിച്ചത്. ഈ പോസ്റ്റിന് ചുവടെയാണ് ആരാധകർ അപേക്ഷകളുമായി എത്തിയത്.
കുഞ്ഞാലി മരയ്ക്കാറും കാലാപാനിയും കാഞ്ചീവരവുമൊക്കെ സംവിധാനം ചെയ്ത പ്രിയൻ സാർ തന്നെയാണ് 'രണ്ടാമൂഴം' പോലൊരു ചിത്രം ചെയ്യാൻ ഏറ്റവും യോഗ്യനെന്നും ചിത്രത്തില്‍ അമിതാഭ് ബച്ചനെയും അഭിനയിപ്പിക്കുകയാണെങ്കില്‍ താങ്കളുടെ രണ്ട് സ്വപ്നങ്ങളും പൂവണിയുമെന്നും ആരാധകർ പറയുന്നു. മലയാള സിനിമക്കും എം ടിക്കും മോഹന്‍ലാലിനും ഇന്ത്യന്‍ സിനിമക്കും നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കും അതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.