സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ താരസംഘടനയുടെ പ്രതിനിധികളായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും ഫെഫ്കയെ പ്രതിനിധീകരിച്ച് ബി. ഉണ്ണികൃഷ്ണന്‍, രഞ്ജിത് രജപുത്ര തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സിനിമ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദ നികുതി എന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സിനിമാക്കാർക്കിടയില്‍ നിന്നും ഉയര്‍ന്നത്. പ്രതിലോമകരമായ നിര്‍ദ്ദേശമാണിതെന്ന് ഇത് പ്രഖ്യാപിച്ച അവസരത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. തോമസ് ഐസക് പറഞ്ഞ വാക്ക് മാറ്റിയെന്നാണ് നിര്‍മ്മാതാവായ സുരേഷ് കുമാര്‍ വിനോദ നികുതിയോട് പ്രതികരിച്ചത്.
സിനിമ ടിക്കറ്റുകള്‍ക്ക് മേലെ ചരക്ക് സേവന നികുതിക്ക് പുറമെ പത്ത് ശതമാനം വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഇത് പിന്‍വലിക്കണം എന്നായിരുന്നു സിനിമ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ഫിലിം ചേംബര്‍ പ്രതിനിധി അനില്‍ തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.