തെന്നിന്ത്യൻ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് നടി സൗന്ദര്യ വിമാനാപകടത്തില്‍ മരണപ്പെടുന്നത്. ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അവസാനമായി സൗന്ദര്യ അഭിനയിച്ചത്. തന്‍റെ അവസാന ചിത്രമായിരിക്കും അതെന്ന് സൗന്ദര്യ തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍.വി. ഉദയകുമാര്‍.
തണ്ടഗൻ എന്ന തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സൗന്ദര്യയെ കുറിച്ച് ആർ.വി. ഉദയകുമാർ വികാരഭരിതനായി സംസാരിച്ചത്. ചിത്രത്തിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ. മഹേന്ദ്രനെ അച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പരാമർശിച്ചായിരുന്നു ഉദയകുമാർ സൗന്ദര്യയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. സൗന്ദര്യയെ സിനിമിയിലേക്ക് കൊണ്ട് വന്നത് താനാണ്. തന്നെ അണ്ണന്‍ എന്നായിരുന്നു വിളിക്കുക. തനിക്ക് അവള്‍ സഹോദരിയായിരുന്നുവെന്നും തന്നോട് സൗന്ദര്യക്ക് പ്രത്യേക സ്‌നേഹവും ആദരവുമുണ്ടായിരുന്നുവെന്നും ഉദയകുമാര്‍ പറയുന്നു.
'സൗന്ദര്യ എന്നെ ഗൃഹപ്രവേശനത്തിനും വിവാഹത്തിനും വിളിച്ചിരുന്നു. രണ്ടിനും എനിക്ക് പോകാനായില്ല. ചന്ദ്രമുഖിയുടെ റീമേക്കില്‍ അഭിനയിച്ചതിന് ശേഷം അവർ എന്നെ വിളിച്ചു. ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗര്‍ഭിണിയാണെന്നും പറഞ്ഞു. അടുത്ത ദിവസം കേൾക്കുന്നത് അവരുടെ മരണവാർത്തയാണ്. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്‍റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല', ഉദയകുമാർ പറഞ്ഞു.
2004 ല്‍ ബെംഗളൂരുവില്‍ ഒരു തെരഞ്ഞെടുപ്പ് ക്യാമ്പയിനിടയില്‍ നടത്തിയ യാത്രക്കിടെ വിമാനാപകടത്തില്‍പ്പെട്ടാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും മരണപ്പെടുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ മലയാള ചിത്രങ്ങളിലും സൗന്ദര്യ അഭിനയിച്ചിരുന്നു.