ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ ദേവ്ദാസ്. ദുരന്തപര്യവസായിയായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ദേവദാസിലെ വസ്ത്രാലങ്കാരം അക്കാലത്ത് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
എന്നാല്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മാധുരി ദീക്ഷിത് അണിഞ്ഞ ഗാഗ്രാ ചോളിയായിരുന്നു. അന്നത്തെ ഫാഷൻ ലോകത്തെ ചർച്ച തന്നെയായിരുന്നു ആ വസ്ത്രം. ഇപ്പോഴിതാ ആ മനോഹര വസ്ത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോഷ്‌ലയും. സർദോസി എംബ്രോയ്‌ഡറിയും നിറയെ യഥാർത്ഥ കണ്ണാടികളും പതിപ്പിച്ച ചോളിയായിരുന്നു അത്. പ്രഗത്ഭരായ തൊഴിലാളികൾ രണ്ട് മാസം കൊണ്ട് നെയ്തെടുത്ത ചോളിക്ക് പത്ത് കിലോ ഭാരമുണ്ടായിരുന്നു. 2015 ല്‍ ലണ്ടനിലെ വിക്ടോറിയ ആന്‍റ് ആല്‍ബേർട്ട് മ്യൂസിയത്തില്‍ വച്ച് നടന്ന ഇന്ത്യൻ ഫാബ്രിക്ക് പ്രദർശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു. കൃഷ്ണ ഭക്തയായ മീരയെ മനസില്‍ കണ്ടാണ് ചിത്രത്തിലെ മാധുരിയുടെ വസ്ത്രങ്ങൾ ഒരുക്കിയതെന്നും ഡിസൈനർമാർ പറയുന്നു. ചിത്രത്തില്‍ നീത ലുലു ഡിസൈൻ ചെയ്ത് മാധുരി അണിഞ്ഞ പച്ച ലഹങ്കയും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് കോടി രൂപയ്ക്കാണ് ഈ ലഹങ്ക വിറ്റ് പോയത്.
40 കോടിയോളം മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നേടിയത്. ചിത്രത്തിലെ 'ഡോലാരേ' എന്ന ഗാനം ഇന്നും നർത്തകരുടെ ഇഷ്ട ഗാനമാണ്. ഈ പാട്ടിന് വേണ്ടി ഏറെ ബുദ്ധിമുട്ടുള്ള നൃത്തം ചെയ്യുമ്പോൾ മാധുരി തന്‍റെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.