സിനിമയിലൂടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്ന സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്‍ 2021ന് എതിരെ മലയാള സിനിമ പ്രവർത്തകർ.
വുമണ്‍ ഇൻ സിനിമ കളക്റ്റീവ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, സിബി മലയിൽ, ടി.കെ രാജീവ് കുമാർ, ജയരാജ്, വേണു ഡോ.ബിജു, ഷാജി ഹംസ, മധു അമ്പാട്ട്, അജിത് കുമാർ, ദിലീഷ് പോത്തൻ, രാജീവ് രവി, അമൽ നീരദ്, മധു നീലകണ്ഠൻ, ഗീതു മോഹൻദാസ്, ഷൈജു ഖാലിദ്, സമീർ താഹിർ,റസൂൽ പൂക്കുട്ടി സി.എസ് വെങ്കിടേശ്വരൻ, രതീഷ് രാധാകൃഷ്ണൻ, മുഹ്സിൻ പരാരി, സക്കറിയ, സഞ്ജു സുരേന്ദ്രൻ, ശ്രിന്ദ, കനി കുസൃതി, പ്രിയനന്ദൻ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
മലയാളം, തമിഴ്, ഹിന്ദി, കന്നട, മറാത്തി, ബംഗാളി, തെലുങ്ക്, ആസാമീസ് തുടങ്ങി വിവിധ ചലച്ചിത്രമേഖലകളിൽ നിന്നായി 6500 ഓളം പേരുടെ കയ്യൊപ്പുകൾ ശേഖരിച്ച് ചലച്ചിത്രപ്രവർത്തകർ വാർത്താപ്രക്ഷേപണ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
എന്താണ് ഭേദഗതി ?
സെൻസർ ബോര്‍ഡ് പരിശോധിച്ച് പ്രദർശനാനുമതി നൽകിയ സിനിമകള്‍ തിരിച്ചുവിളിച്ച് പുനപ്പരിശോധിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.
അതായത് സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കൈകടത്തല്‍ നടത്താന്‍ ഇതിലൂടെ അവസരം കൈവരുന്നു. തങ്ങള്‍ക്ക് വിയോജിപ്പുള്ള സിനിമകള്‍ക്ക് അനുമതി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം കൈവരികയുമാണ്.
ഇത് ആവിഷ്‌കാര/അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാവിരുദ്ധമായ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
കമൽ ഹാസൻ, സൂര്യ, പാ രഞ്ജിത്ത് തുടങ്ങിയവരുൾപ്പെടെ ബില്ലിനെ എതിർക്കുകയും പ്രതിഷേധം പ്രകടിപ്പിക്കാൻ മറ്റുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.