സ്റ്റൈല്‍ മന്നൻ രജനീകാന്തും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ദർബാർ. എ ആർ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്നതായാണ് ടോളിവുഡില്‍ നിന്നും വരുന്ന പുതിയ വാർത്ത.
വില്ലൻമാരിലൊരാളായാണ് ചെമ്പൻ വിനോദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുന്ന പ്രതീക് ബാബ്ബറിന്‍റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. 27 വർഷങ്ങൾക്ക് ശേഷം രജനി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'ദർബാർ'. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും സൂചനകളുണ്ട്.
നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂര്യ നായകനായ ചിത്രം 'ഗജിനി' ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.