തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ നായികയാകാന്‍ മുന്നൊരുക്കങ്ങളുമായി ബോളിവുഡ് നടി കങ്കണ റണാവത്. ഇതിനായി പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്.
താരം പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് ഇതിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നത്. ദി മമ്മി, പ്ലാനറ്റ് ഓഫ് എയ്പ്സ്, ദി വൂള്‍ഫ് മാന്‍, ദി ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ട് പരിചയിച്ച, മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്പ്.
എ എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ഈ ചിത്രം കൂടാതെ ജയലളിതയുടെ ജീവിതം ആസ്പദമാക്കി വേറെ രണ്ട് ചിത്രങ്ങളും ഒരു വെബ് സീരീസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.