കണ്ണൂര്‍ : മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് അർഹനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് എഴുത്തുകാരനായ പി.കെ.സുരേന്ദ്രന്‍. സംസ്ഥാന ചലച്ചിത്ര അവാർഡെന്ന വലിയ പുരസ്കാര നേട്ടം കൈവരുമ്പോള്‍ തളിപ്പറമ്പ് പട്ടുവം കുളക്കാട്ട് വയലിലെ വീട്ടിൽ തന്‍റെ പുതിയ പുസ്തകത്തിന്‍റെ രചനയിലായിരുന്നു അദ്ദേഹം.
പ്രണത ബുക്സ് പ്രസിദ്ധീകരിച്ച പി.കെ.സുരേന്ദ്രന്‍റെ 'ആഖ്യാനത്തിന്‍റെ പിരിയൻ ഗോവണികൾ' എന്ന പുസ്തകത്തിനാണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്കാരം ലഭിച്ചത്.
സുരേന്ദ്രൻ തന്റെ രചനകളിലൂടെ ശബ്ദിച്ചതെല്ലാം കലാമൂല്യമുള്ള സിനിമകൾക്ക് വേണ്ടിയായിരുന്നു. നാല് ചലച്ചിത്ര ഗ്രന്ഥങ്ങളാണ് സുരേന്ദ്രന്‍റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. പായൽ ബുക്ക്സ്, മെയ് ഫ്ലവർ ബുക്സ് എന്നിവ സംയുക്തമായി പുറത്തിറക്കിയ 'അഞ്ച് ക്യാമറകൾ ജീവിതം പറയുന്നു', 'സിനിമ പാതി; പ്രേക്ഷകൻ ബാക്കി', ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'സിനിമ വാക്കുകളിൽ കാണുമ്പോൾ' എന്നിവയാണ് മറ്റുള്ളവ.
Also Read: 'ആ സംഭവം മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന പോലെ' ; പ്രതികരണവുമായി ഗായത്രി സുരേഷ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ ഏറെ ആഹ്ളാദമുണ്ടെന്ന് പി.കെ.സുരേന്ദ്രൻ പറഞ്ഞു. മുംബൈയിൽ സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയിൽ ജോലി ചെയ്തിരുന്ന 30 വർഷവും ബോംബെ ഫിലിം സൊസൈറ്റികളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു സുരേന്ദ്രൻ. അക്കാലത്ത് സിനിമയ്ക്ക് സബ് ടൈറ്റിൽ ചെയ്യാനായി മലയാളത്തിലെ പ്രമുഖ സംവിധായകർ അവിടെ എത്തുമായിരുന്നു.
അതുവഴി അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ജോൺ എബ്രഹാം, പവിത്രൻ, ചിന്ത രവി, ടി.വി.ചന്ദ്രൻ, കെ.ആർ. മോഹനൻ എന്നിവരുമായി ബന്ധമുണ്ടാക്കി. ജോലിയിൽ നിന്ന് വിരമിച്ച് തിരികെ പട്ടുവം അരിയിൽ കുളക്കാട്ട് വയലിൽ താമസമാക്കിയപ്പോഴും സുരേന്ദ്രൻ തന്‍റെ സിനിമാപഠനവും എഴുത്തും തുടർന്നു.
റഷ്യൻ സംവിധായകൻ ആന്ദ്രെ താർക്കോസ്കിയെക്കുറിച്ചുള്ള പുസ്തകമായ 'വിശ്വാസവും ബലിയും' ആണ് പുതുതായി പുറത്തിറങ്ങാനുള്ളത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. കൂടാതെ പൂനെ ഫിലിം ആർക്കൈവ്സ് സാരഥിയായ പി.കെ നായരുടെ ലേഖന സമാഹാരം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നുമുണ്ട്.