കാല്‍നൂറ്റാണ്ടിലധികം മലയാളികളുടെ സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് ഒരാണ്ട് തികയുന്നു. 2018 സെപ്‌തംബര്‍ ഇരുപത്തിയഞ്ചിനുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. കേരളം നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടും അവരുടെ പ്രിയപ്പെട്ട ബാലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിച്ചില്ല.
വയലിനില്‍ മായാജാലം തീർക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്‌കര്‍. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയ ബാലഭാസ്‌കര്‍ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ സി.കെ ഉണ്ണി-ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കറിന് സംഗീത വില്ലിന്‍റെ മാസ്മരിക ശക്തി പകർന്ന് നല്‍കിയത് അമ്മാവൻ ബി. ശശികുമാറായിരുന്നു. വയലിൻ കളിപ്പാട്ടം പോലെയായിരുന്നു ബാലുവിന്. വളരെ ചെറുപ്രായത്തില്‍ തന്നെ വയലിൻ കൊണ്ട് അദ്ദേഹം വിസ്മയം തീർത്തു. 12-ാം വയസ്സില്‍ ആദ്യ കച്ചേരി നടത്തി.
17-ാം വയസ്സില്‍ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയില്‍ സംഗീതസംവിധാനം നിർവഹിച്ച് കൊണ്ടാണ് ബാലഭാസ്‌കര്‍ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. വെള്ളിത്തിരയില്‍ നല്ല തുടക്കം ലഭിച്ചിട്ടും സിനിമയുടെ ഗ്ലാമറിന് പിറകെയായിരുന്നില്ല ബാലുവിന്‍റെ യാത്ര. പഠന കാലത്ത് കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു ബാലഭാസ്‌കര്‍. യൂണിവേഴ്‌സിറ്റി കോളജിലെ എംഎ പഠനകാലത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് 'കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ' എന്ന മ്യൂസിക് ബാൻഡ് തുടങ്ങി. ഈസ്റ്റ് കോസ്റ്റുമായി ബാലുവിന്‍റെ ബാൻഡ് കൈകോർത്തപ്പോൾ പിറന്നത് നിനക്കായ്, നീ അറിയാൻ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങൾ. തുടർന്ന് ആസ്വാദകരെ കീഴടക്കിയ നൂറ് കണക്കിന് ആല്‍ബങ്ങളും സംഗീത പരിപാടികളും. പിന്നീട് 'ഫ്യൂഷൻ' ബാൻഡ് പിരിഞ്ഞ് 'ദ ബിഗ് ബാൻഡ്' രൂപീകരിച്ചു.
മുഖത്ത് ഒരു ചെറു ചിരിയോടെയല്ലാതെ ബാലഭാസ്‌കറിനെ മലയാളികൾ കണ്ടിട്ടുണ്ടാകില്ല. പ്രണയം നിറഞ്ഞ പാട്ടുകളിലൂടെ മനസ്സിന് കുളിർമയേകാനും വിരഹത്തിലൂടെ മനസ്സിന് നൊമ്പരമേകാനും ബാലഭാസ്‌കറിന്‍റെ വയലിൻ തന്ത്രികൾക്കായി. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങി തിരവധി പ്രമുഖർക്കൊപ്പം വേദി പങ്കിട്ടു. ബാലലീലയെന്ന സംഗീത പരിപാടിയുമായി ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. മലയാളികളെ തോരാകണ്ണീരിലാഴ്ത്തി അകാലത്തില്‍ ബാലു കടന്ന് പോയപ്പോൾ ഓർമയായത് മികച്ച ഈണങ്ങളും മായാത്ത പുഞ്ചിരിയുമാണ്.