കഴിഞ്ഞ വര്‍ഷം താൻ നായികയായി എത്തിയ മൂന്ന് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ച് കയ്യടി നേടിയ താരമാണ് അനുഷ്‌ക ശര്‍മ്മ. എന്നാല്‍ ഈ വർഷം ഇതുവരെ അനുഷ്കയുടെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സിനിമ നിര്‍മ്മാണത്തിലേക്കും ചുവടുവച്ച താരം വിവാഹം കഴിഞ്ഞതോടെ അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണോ എന്ന സംശയത്തിലാണ് ആരാധകർ.
എന്നാല്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് ഇപ്പോൾ താരം. ഒരു അഭിനേതാവെന്ന നിലയില്‍ കരിയറില്‍ ഒരു സുരക്ഷിത സ്ഥാനത്ത് താന്‍ എത്തിക്കഴിഞ്ഞെന്നും സമയം തികയ്ക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ തനിക്കില്ലെന്നുമാണ് അനുഷ്‌ക്കയുടെ വാക്കുകള്‍. ''കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ ചെയ്ത വേഷങ്ങള്‍ വളരെയധികം കഠിനാധ്വാനം വേണ്ടവയായിരുന്നു. ഒരുപാട് തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. ഒരു വര്‍ഷം തന്നെ പാരി, സൂയു ദാഗ, സീറോ പോലെയുളള സിനിമകള്‍ ചെയ്യുക അത്ര എളുപ്പമല്ല. മൂന്നും വ്യത്യസ്തമായ സിനിമകളാണ്. അത് കൊണ്ട് തന്നെ ഒരുപാട് തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു,'' അനുഷ്ക പറഞ്ഞു.
ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വളരെ രസകരമായ കുറച്ചധികം സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു. "ചെയ്തിട്ടുള്ള സിനിമകളില്‍ ഞാന്‍ വളരെയധികം സംതൃപ്തയാണ്. എപ്പോഴും ചെയ്യുന്ന വര്‍ക്കുകളുടെ കാര്യത്തില്‍ ഒരൂപാട് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളുമാണ് ഞാന്‍ എപ്പോഴും എനിക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്", അനുഷ്‌ക പറഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂയി ദാഗയിലെയും പാരിയിലെയും താരത്തിന്‍റെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷാരൂഖ് ചിത്രം സീറോയിലും അനുഷ്കയായിരുന്നു നായിക. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അനുഷ്കയുടെ പ്രകടനം മികച്ചതായിരുന്നു.