‘മെലെഫിഷന്‍റ്’ എന്ന സിനിമയുടെ ട്രെയിലർ റിലീസിന് കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ ഐശ്വര്യ റായ്‌യെ വിമർശിച്ച് ഫാഷന്‍ ലോകം. ഫാഷന്‍ ലോകത്തിന് മുൻ ലോകസുന്ദരിയുടെ വസ്ത്രധാരണം അത്ര ഇഷ്ടമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആഞ്ജലീന ജോളി മുഖ്യവേഷത്തിൽ എത്തുന്ന ‘മെലെഫിഷന്‍റ്’ എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് ശബ്ദം നൽകുന്നത് ഐശ്വര്യ റായ് ആണ്.
അനുയോജ്യമല്ലാത്തതും അനാകർഷണവും എന്നാണ് താരത്തിന്‍റെ വസ്ത്രത്തെ കുറിച്ചുള്ള വിമർശനം. കറുപ്പ് ടോപ്പ്, അതിന് മുകളിലായി കറുപ്പ് ബ്ലേസർ ജാക്കറ്റ്. ഒപ്പം പ്ലെയ്ൻ ബ്ലാക്ക് പാന്‍റും ചേർന്നതോടെ അടിമുടി കറുപ്പ്. ചർമത്തിന് അനുയോജ്യമായ നിറത്തിൽ മിതമായി ഫൗണ്ടേഷന്‍ ചെയ്ത് കവിളുകൾക്ക് ഇളം പിങ്ക് നിറം നൽകി മേക്കപ്. ഇരുവശത്തേയ്ക്കുമായി പകുത്തിട്ട് സിംപിൾ ഹെയർസ്റ്റൈലും ചേർന്നതായിരുന്നു ഐശ്വര്യയുടെ ലുക്ക്. എന്നാൽ ഫാഷൻ ലോകത്തിന്‍റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ താരത്തിന് സാധിച്ചില്ല എന്നാണ് നിരീക്ഷണം. മേക്കപ്പിനെക്കുറിച്ച് പരാതിയില്ലെങ്കിലും ഔട്ട്ഫിറ്റ് പോരാ എന്ന് ഫാഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
പാരിസ് ഫാഷൻ വീക്കിലെ വസ്ത്രധാരണവും വിമർശനങ്ങൾക്ക് വിധേയമായതിന് പിന്നാലെയാണ് ഐശ്വര്യയ്ക്ക് വീണ്ടും ചുവട് പിഴയ്ക്കുന്നത്. പാരിസ് ഫാഷൻ വീക്കിൽ ഐശ്വര്യയ്ക്ക് വസ്ത്രം ഡിസൈന്‍ ചെയ്ത ആളെ ജോലിയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ഡിസൈനറായ വെൻഡൽ റോഡ്രിക്സ് രംഗത്തെത്തിയത് വിവാദമായിരുന്നു.