കൊച്ചി: സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സിപിസി സിനി അവാര്‍ഡ്‌സ് വിതരണം ചെയ്തു. 2018ൽ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴചവച്ചവർക്കാണ് അവാർഡ് നൽകിയത്. കലൂർ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങിൽ ചലചിത്രരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും കരസ്ഥമാക്കി. സിപിസി സിനി അവാര്‍ഡ്‌സ് തുടങ്ങിയ വര്‍ഷം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയനാണ് ഐശ്വര്യയ്ക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം ഏറ്റുവാങ്ങി പ്രേക്ഷകരോട് സംസാരിക്കാന്‍ മൈക്ക് വാങ്ങിയെങ്കിലും വികാരനിര്‍ഭരയായി ഐശ്വര്യയ്ക്ക് സംസാരിക്കാന്‍ സാധിച്ചില്ല. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ഐശ്വര്യ സ്‌റ്റേജില്‍ നിന്നും തിരിച്ചിറങ്ങുകയായിരുന്നു.
വരത്തൻ എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രമാണ് ഐശ്വര്യക്ക് അവാർഡ് നേടിക്കൊടുത്തത്. ഓഡിയൻസ് വോട്ടിങിലൂടെ തിരഞ്ഞെടുത്ത പുരസ്കാരത്തിൽ മികച്ച ഭൂരിപക്ഷമാണ് ഐശ്വര്യക്ക് ലഭിച്ചത്. വളരെ മിനിമൽ സംഭാഷണങ്ങളിലൂടെ ചെറുപ്പം മുതൽ ഒരു നായിക കടന്നുപോകുന്ന ഈവ് ടീസിങ് പോലുള്ള അവസ്ഥകളുടെ ഭീകരതയെ അതിൻ്റെ തന്മയത്വത്തോടെ പ്രദിപാദിപ്പിക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.
സംസാരിക്കാനായി മൈക്കെടുത്ത ജോജുവിനും തുടക്കത്തില്‍ സംസാരിക്കാന്‍ സാധിച്ചില്ല. ‘ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസമാണ്. കൂട്ടുകാരോടൊക്കെ സംസാരിക്കുമ്പോള്‍ എന്തെടാ ഏതെടാ എന്നൊക്കെ പറയുമെങ്കിലും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു,’ ഇതു പറഞ്ഞുകൊണ്ട് സംസാരിക്കാനാകാതെ ജോജു മൈക്ക് വിജയ് ബാബുവിന് കൈമാറി. സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്ററെ അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവന കണക്കിലെടുത്ത് ആദരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി.
ഈ.മ.യൗവിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിനായകനും സഹനടിക്കുള്ള പുരസ്‌കാരം പൗളി വത്സനും നേടി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയെ മികവുറ്റതാക്കിയ സാവിത്ര ശ്രീധരനും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കറിയയ്ക്കും മുഹസിന്‍ പെരാരിക്കുമാണ്. സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ സിനിമകളിലൂടെ ഷൈജു ഖാലിദ് മികച്ച ഛായാഗ്രഹകനുളള പുരസ്‌കാരം നേടി.