തന്‍റെ സൗന്ദര്യം കൊണ്ട് ഇന്ത്യയെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ച നടി ഐശ്വര്യ റായ് ബച്ചന് ഇന്ന് നാല്‍പ്പത്തിയാറാം പിറന്നാൾ. രണ്ടര പതിറ്റാണ്ടിലേറെയായി സുന്ദരി അല്ലെങ്കില്‍ ലോക സുന്ദരി എന്ന വാക്കിനൊപ്പം ഏതൊരു ഇന്ത്യക്കാരന്‍റെയും മനസില്‍ തെളിയുന്ന മുഖം ഐശ്വര്യയുടേതാണ്.
മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്‍റെയും എഴുത്തുകാരിയായ വൃന്ദരാജ് റായുടെയും മകളായി 1973 നവംബര്‍ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 1994-ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ സുസ്മിതാ സെന്നിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. അതേ വര്‍ഷം തന്നെ മിസ് വേള്‍ഡ് പുരസ്‌കാരം കരസ്ഥമാക്കി. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ മോഹന്‍ലാലിന്‍റെ നായികയായാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍. 'ഓര്‍ പ്യാര്‍ ഹോഗയാ' ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. പിന്നീട് ഹം ദില്‍ ദേ ചുകേ സനം, ജീന്‍സ്, താല്‍, ദേവദാസ്, മൊഹബത്തേന്‍, ജോഷ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച് ഐശ്വര്യ തന്‍റെ അഭിനയപാടവം തെളിയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്‍റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുത്തു. സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസ്’ആണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്.
2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ട് നിന്ന ഐശ്വര്യ, മകളുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവമായത്. കരിയറും കുടുംബവും പാരന്‍റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായ വ്യക്തിത്വമാണ്. ബോളിവുഡിന്‍റെ സ്പന്ദനം നിയന്ത്രിക്കുന്ന ബച്ചൻ കുടുംബത്തിലെ മരുമകളുടെ വേഷത്തിലും ആരാധ്യയുടെ അമ്മയുടെ വേഷത്തിലും തിളങ്ങുന്ന അതേ ഐശ്വര്യ തന്നെയാണ്, കാനിലെ റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന റോയൽ ബ്യൂട്ടിയായി, അഭിമാന താരമായി വർഷം തോറും പ്രത്യക്ഷപ്പെടുന്നത്.
പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പൊലെയാണ് ഐശ്വര്യ റായ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പ്രായം ഇന്നേക്ക് നാല്പ്പത്തിയാറ് തികയുമ്പോഴും ലോകത്തെ അതിസുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്ന ഐശ്വര്യയുടെ ഇമേജിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. നക്ഷത്രതിളക്കമുള്ള കണ്ണുകളുടെ ആഴവും ചുണ്ടുകളുടെ വശ്യതയും ഉടലിന്‍റെ ഉജ്വലകാന്തിയും ഐശ്വര്യയെ ഇന്നും ഇന്ത്യയുടെ സൗന്ദര്യബിംബമായി നിലനിർത്തുന്നു.