മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. മോഹന്‍ലാല്‍ നായകനായെത്തിയ ബിഗ്ബജറ്റ് ചിത്രത്തിന് തുടക്കം മുതല്‍ തന്നെ ഒട്ടേറെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വഴുതക്കാട് വിമന്‍സ് കോളേജില്‍ നടന്ന ചലച്ചിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
'മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകര്‍. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് കൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയില്‍ നടക്കുന്നത്.’ അടൂർ പറഞ്ഞു. മലയാളിയുടെ സിനിമാ ആസ്വാദന സംസ്കാരം താഴ്ന്ന് പോയെന്നും ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇത് കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഇതിന്‍റെ ഫലം. ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്ക് നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.’ അടൂര്‍ ഗോപാലകൃഷണന്‍ പറഞ്ഞു.