താനും നടി അതിഥി മേനോനും വിവാഹിതരാണെന്ന വാദവുമായി നടൻ അഭി ശരവണൻ. താനും അതിഥിയുമായുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി ആരോപിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റും ഇരുവരുടെയും ചിത്രങ്ങളും നടൻ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഭി ശരവണനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. മകന്‍റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്നായിരുന്നു അഭിയുടെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം. തുടർന്നാണ് തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് അതിഥി പൊലീസില്‍ പരാതി നല്‍കിയത്.
'അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല', അതിഥി വ്യക്തമാക്കി.
മലയാളിയായ അതിഥി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.