ദക്ഷിണേന്ത്യന്‍സിനിമാതാരം വിജയ ലക്ഷ്മിയെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി ഉഷ ദേവി രംഗത്തെത്തി.
മോഹന്‍ലാലും ജയപ്രദയും മുഖ്യ വേഷത്തില്‍ എത്തിയ ‘ദേവദൂതന്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ ലക്ഷ്മിയായിരുന്നു. ‘ഫ്രണ്ട്‌സ്’ എന്ന മലയാളം ചിത്രത്തിന്‍റെതമിഴ് പതിപ്പില്‍ സൂര്യയ്ക്കും വിജയ്ക്കുമൊപ്പം അമുത എന്ന കഥാപാത്രമായും വിജയ ലക്ഷ്മി എത്തി. സിനിമകൾക്ക് പുറമെ നിരവധി കന്നഡ, തമിഴ് സീരിയലുകളിലും വിജയ ലക്ഷ്മി അഭിനയിച്ചു.
കഴിഞ്ഞ വര്‍ഷം ഇവരുടെ അമ്മയ്ക്ക് രോഗം ബാധിച്ച് ചികിത്സ ആരംഭിച്ചതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നുംവിജയ ലക്ഷ്മിയുടെ ചികിത്സയ്ക്ക് പണമില്ലെന്നും സഹോദരി ഉഷ പറയുന്നു. സിനിമാ മേഖലയിലുള്ളവര്‍ സഹായിക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു.
1997ല്‍ കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയ ലക്ഷ്മി ഹിപ്പ് ഹോപ്പ് ആദിയുടെ ‘മീസയെ മുറുക്കു’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അഭിനയ രംഗത്തുനിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.