തിരുവനന്തപുരം: കേന്ദ്ര സർക്കാർ കലാകാരന്മാരെയും സൃഷ്ടികളെയും ഭീഷണിപ്പെടുത്തുന്ന കാലത്ത് കേരള സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഇടപെടൽ പ്രതീക്ഷ നൽകുന്നുവെന്ന് നടി സാറ ഹാഷ്മി. ഹിന്ദുത്വ ഭീകരവാദം ചർച്ച ചെയ്യുന്ന ആനന്ദ് പട്‌വർദ്ധന്‍റെ വിവേക്(റീസൺ) എന്ന ഡോക്യുമെന്‍ററിക്ക് ഐഡിഎസ്എഫ്എഫ്കെയില്‍ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്ന് സാറ പറഞ്ഞു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഉത്തരവിലൂടെ മറികടന്നാണ് മേളയില്‍ ചിത്രം പ്രദർശിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ് സുരക്ഷയും ചിത്രത്തിന്‍റെ പ്രദർശനത്തിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്നു.
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തില്‍ പ്രദർശിപ്പിച്ച 'ഡൈയിങ് വിന്‍റ് ഇൻ ഹർ ഹെയർ' എന്ന ചിത്രത്തിലെ പ്രധാന നടിയാണ് സാറ ഹാഷ്മി. അനുരാഗ് കശ്യപ് നിർമ്മിച്ച ചിത്രം ഷാസിയ ഇക്ബാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പുരോഗമന നിലപാടുള്ള വിദ്യാർഥിനിയുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്.