ചെന്നൈ : നടൻ രജനീകാന്ത് ആശുപത്രി വിട്ടു. പതിവ് ചികിത്സയ്‌ക്കായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ പിന്നീട് കരോട്ടിഡ് എൻഡാർട്ടറെക്ടമി ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിനായി രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്.
ALSO READ: '108 നാളീകേരവും മൺ സോറും'; തലൈവന് വേണ്ടി പ്രത്യേക വഴിപാട് നടത്തി ആരാധകർ
ഒക്‌ടോബർ 28നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് സ്വീകരിക്കാനായി ഡല്‍ഹിയിലായിരുന്നു കുറച്ചുദിവസമായി താരം. തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതറിഞ്ഞ് ആശുപത്രിക്ക് മുന്നില്‍ ആരാധകരും തടിച്ചുകൂടിയിരുന്നു. ഇതിനുപിന്നാലെ ഇവിടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്‌തു.
ഞായറാഴ്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ച് അസുഖവിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതേസമയം തങ്ങളുടെ തലൈവ വേഗം സുഖം പ്രാപിക്കുന്നതിനും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ‘അണ്ണാത്തെ’ എന്ന സിനിമയുടെ വിജയത്തിനും വേണ്ടി ആരാധകർ പ്രത്യേക പ്രാർഥനയും വഴിപാടും നടത്തിയിരുന്നു.
ആരാധകർക്കും സിനിമാ ലോകത്തിനും സന്തോഷം നൽകുന്ന അറിയിപ്പാണ് ഇപ്പോള്‍ ആശുപത്രിയില്‍നിന്ന് വന്നിരിക്കുന്നത്.