ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമായ അവതാറിന് പേരിട്ടത് താനാണെന്ന ബോളിവുഡ് താരം ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ വലിയ വാർത്തയായിരുന്നു. അവതാറില്‍ തനിക്കൊരു കഥാപാത്രമുണ്ടെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നതായും ഗോവിന്ദ പറഞ്ഞു. ഒരു ടിവി ചാനലിലെ ടോക് ഷോയിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞാനാണ് ആ ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തു. ചിത്രം മികച്ചതായിരിക്കുമെന്നും ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷമെങ്കിലും എടുക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് കാമറൂണിനെ കുറച്ച് ചൊടിപ്പിച്ചു. ഏഴ് വര്‍ഷം വേണ്ടി വരുമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം മനസില്‍ കാണുന്നത് ഏറെക്കുറെ അസാധ്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ പ്രചവിച്ചത് പോലെ എട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അവതാര്‍ റിലീസ് ചെയ്തത്. അത് സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു.'' - ഗോവിന്ദ പറഞ്ഞു.
എന്നാല്‍ സിനിമയില്‍ അവസരം കുറഞ്ഞ ഗോവിന്ദ വാർത്തകളിലിടം പിടിക്കാനാണ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേ സമയം അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും കൗണ്‍സലിങ് അത്യാവശ്യമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. 'സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അത് ഒഴിവാക്കിയെന്നും അദ്ദേഹം ഇടക്കിടെ പറയാറുണ്ട്. ഗോവിന്ദ അവസാനമായി പ്രധാനവേഷത്തിലെത്തിയ രംഗീല രാജ എന്ന സിനിമ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ സമ്മതിച്ചില്ല. ഗോവിന്ദയെ ചതിച്ചുവെന്ന് ആരോപിച്ച് ഞാനുമായുള്ള ബന്ധം ഈയിടെ അദ്ദേഹം അവസാനിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ സഹായിക്കാന്‍ സിനിമയില്‍ സുഹൃത്തുക്കള്‍ ആരും തന്നെയില്ല. ഞങ്ങള്‍ ആശങ്കയിലാണ്', ഗോവിന്ദയുമായി വര്‍ഷങ്ങള്‍ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.