‘സൂപ്പര്‍ ഡീലക്സി’ലെ ശില്‍പ്പ എന്ന ട്രാൻസ്ജെൻഡറാവാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് തുറന്ന് പറഞ്ഞ് നടൻ വിജയ് സേതുപതി. സാധാരണ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാൻ തനിക്ക് സാധിക്കാറുണ്ടെങ്കിലും ‘സൂപ്പർ ഡീലക്സി’ലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്ന് സേതുപതി വെളിപ്പെടുത്തുന്നു.
“എത്രയൊക്കെ നോക്കിയിട്ടും എനിക്ക് ശിൽപ്പയാവാൻ കഴിയുന്നുണ്ടായിരുന്നില്ല. സാരിയും വിഗ്ഗുമെല്ലാം ധരിച്ചെങ്കിലും അഭിനയിക്കുമ്പോൾ എന്‍റെചേഷ്ടകൾ തന്നെയാണ് പുറത്തുവരുന്നത്. വല്ലാത്ത വിഷാദം സമ്മാനിക്കുന്ന അവസ്ഥയായിരുന്നത്. എന്‍റെഅഭിനയം ശരിയാകുന്നില്ലെന്ന് സെറ്റിൽ എല്ലാവർക്കും മനസ്സിലാകുന്നുണ്ടെങ്കിലും എന്താണ് അതിന് പ്രതിവിധിയെന്ന് പറഞ്ഞ് തരാൻ ആരുമുണ്ടായില്ല. സംവിധായകൻ ഷെഡ്യൂൾ ബ്രേക്കിന്വിളിച്ചപ്പോൾ എനിക്ക് ഭയമായിരുന്നു, എന്നെ മാറ്റാൻ പോവുകയാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു,” വിജയ് സേതുപതി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എന്നാൽ ചിത്രത്തിന്‍റെരണ്ടാം ഷെഡ്യൂളിൽ കോസ്റ്റ്യൂം ഡിസൈനർ മാദി കാലുകൾ അടുപ്പിച്ച്നടക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും അതോടെയാണ് തന്‍റെപോസ്ചർ ശരിയായതെന്നും സേതുപതി പറയുന്നു. “അവിടം മുതലാണ് എനിക്ക് കഥാപാത്രത്തെ പിടികിട്ടി തുടങ്ങിയത്. കാര്യങ്ങളെ ശിൽപ്പ കാണുന്നത് പോലെ നോക്കി കാണാൻ തുടങ്ങിയത്,” സേതുപതി കൂട്ടിച്ചേർക്കുന്നു.
വ്യത്യസ്ത രീതിയിലുള്ള ചിത്രത്തിന്‍റെട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്‍റെസംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 29ന് സൂപ്പർ ഡീലക്സ് പ്രദർശനത്തിനെത്തും.