ചെന്നൈ: നടന്‍ വിജയ്‌യുടെ ദീപാവലി ചിത്രമായ ബിഗിലിന്‍റെ പ്രത്യേക ഷോ റദ്ദാക്കിയതില്‍ അക്രമാസക്തരായി ആരാധകര്‍. നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും കടകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തു. സംഭവത്തില്‍ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഫൈവ് റോഡ് ജങ്ഷനിലാണ് സംഭവം. അമിതമായ ചാര്‍ജ് ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക ഷോ നടത്തുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ചിത്രം റീലിസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിക്കുകയും ചിത്രത്തിന്‍റെ പ്രത്യേക ഷോക്ക് അനുമതി നല്‍കുകയും ചെയ്‌തു. തുടർന്ന് ചിത്രത്തിന്‍റെ പ്രത്യേക ഷോ അറിഞ്ഞ് ഫൈവ് റോഡ് ജങ്ഷനിലെ തിയേറ്ററിന് മുന്‍പില്‍ വ്യാഴാഴ്ച രാത്രി ആരാധകർ തടിച്ച് കൂടിയിരുന്നു.
എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രം അപ്‌ലോഡ് ചെയ്യാന്‍ തിയേറ്റര്‍ അധികൃതര്‍ക്ക് സാധിക്കാതെ വരികയും തുടർന്ന് പ്രത്യേക ഷോ റദ്ദാക്കുകയും ചെയ്തു . ഇതില്‍ ക്ഷുഭിതരായ ആരാധകരാണ് അക്രമാസക്തരായത്. രോഷാകുലരായ ആരാധകര്‍ റോഡ് കയ്യേറുകയും തെരുവിലെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കടകള്‍ക്ക് മുന്‍പിലെ ബാനറുകള്‍ തകര്‍ത്തും കുടിവെള്ള ടാങ്കര്‍ നശിപ്പിച്ചും മുന്നേറിയ ആരാധകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അക്രമത്തിന് നേതൃത്വം നല്‍കിയ പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.