മുംബൈ: മുതിർന്ന ബോളിവുഡ് നടി കുംകും (86) അന്തരിച്ചു. ഇന്ന് രാവിലെ 11.30ന് ബാന്ദ്രയിലെ വസതിയിൽ വച്ച് വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മസ്‌ഗാവ് ശ്മാശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തും.
നൂറിലധികം ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയുടെ യഥാർത്ഥ പേര് സൈബുനിസ്സയെന്നാണ്. ബിഹാറിലെ ഷെയ്ഖ്‌പുര സ്വദേശിയായ കുംകും, മിസ്റ്റർ എക്‌സ് ഇൻ ബോംബെ, മദർ ഇന്ത്യ, കോഹിനൂർ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. "കഭി ആർ കഭി പാർ", "മേരേ മെഹ്ബൂബ് ഖയാമത്ത് ഹോഗി" തുടങ്ങിയ പ്രശസ്‌ത ഗാനങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ഗുരു ദത്താണ് കുംകുമിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. "ആർ പാർ" എന്ന ഗാനരംഗത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ഗുരു ദത്തിന്‍റെ തന്നെ പ്യാസ എന്ന ചിത്രത്തിലും ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.