ഹൈദരാബാദ്: ഇനി പരിവർത്തനങ്ങളുടെ കാലമാണ്. അടുത്ത തവണ നിങ്ങൾ തിയേറ്ററിൽ പോകുമ്പോൾ, അവിടെ നിന്നും ലഭിക്കുന്ന അനുഭവവും ഒരുപക്ഷേ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമായി തോന്നിയേക്കാം. ടിക്കറ്റിന് പകരം നിങ്ങളുടെ ഫോണിലെ ക്യുആർ കോഡ് ആയിരിക്കും പുതിയ സ്ഥാനത്തേക്ക് വരിക. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറുകൾ ദേഹപരിശോധനക്കായി ഉപയോഗിക്കും. തിയേറ്ററുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലാവട്ടെ ഉപഭോക്താക്കൾക്കും വിൽപനക്കാരനുമിടയിൽ സുതാര്യമായ ഒരു ഗ്ലാസ് സ്ഥാപിച്ചിരിക്കും. ഓഡിറ്റോറിയത്തിലും കാണാം, ഇരിപ്പിടങ്ങളിലും മറ്റും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ. തീർച്ചയായും ഓരോരുത്തരും സ്വന്തമായി സാനിറ്റൈസറും മാസ്‌കും കൊണ്ടു വരേണ്ടതായി വരും. ത്രിമാന ചിത്രത്തിനാണ് വരുന്നതെങ്കിൽ 3ഡി ഗ്ലാസും കരുതിക്കോളൂ.
ജൂൺ 15നും ജൂലൈ 15നും ഇടയിൽ ശുഭാപ്തിവിശ്വാസത്തോടെ പുനരാരംഭിക്കുമെന്ന് കരുതുന്ന പുതിയ പ്രദർശനശാലകളിലേക്ക് സ്വാഗതം. ബോളിവുഡിൽ തിയേറ്ററർ റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണ്. രോഹിത് ഷെട്ടിയുടെ 135 കോടി രൂപാ മുതൽമുടക്കിൽ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, രൺവീർ സിംഗ്, കത്രിന കൈഫ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി നിർമിച്ച സൂര്യവംശി മുതൽ കബീർ ഖാന്‍റെ സംവിധാനത്തിൽ 125 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന കപിൽ ദേവിന്‍റെ ജീവിതകഥ പറയുന്ന 83യും പിന്നെ 100 കോടി രൂപാ ബജറ്റിലുള്ള സൽമാൻ ഖാന്‍റെ രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് വരെ. അതെ, ഹിന്ദി ചലച്ചിത്രലോകത്തിന് ഇനിയും കാത്തിരിക്കാനാവില്ല. എന്നിട്ടും വളരെ അക്ഷമരായി ചില ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ സിനിമകൾ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഇത് ഇന്ത്യയിലുടനീളമായി 620ലധികം സ്‌ക്രീനുകൾ സ്വന്തമാക്കിയിട്ടുള്ള മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഇനോക്‌സ് ലെഷറിൽ നിന്നും എതിർപ്പുകൾക്ക് വഴിയൊരുക്കി. എന്നാൽ, ഒടിടി സംപ്രക്ഷണത്തിനുള്ള തീരുമാനത്തിൽ നിന്ന് ഗുലാബോ സിതാബോ പിന്മാറിയിട്ടില്ല. പക്ഷേ, ഇത് ഇൻഷുറൻസിന്‍റെ അഭാവം, തിയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ വർധിക്കുന്നതിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രതികൂലമായി പ്രതികരിച്ചു. രാജ്യത്തെ മൊത്തം 9,000 പ്രദർശനശാലകളിൽ 850എണ്ണവും നിയന്ത്രിക്കുന്ന പിവിആറിന്‍റെ ചെയർമാനും എംഡിയുമായ അജയ് ബിജ്‌ലി ഇതിൽ വ്യക്തമായൊരു നിലപാട് പറഞ്ഞിട്ടില്ല. പകരം സിനിമയുടെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുവച്ചത് എന്തെന്നാൽ, പ്രദർശനശാലകളിലെ അനുഭവം പ്രേക്ഷകർക്ക് നൽകുന്നതിനേക്കാൾ ഡിജിറ്റൽ സംപ്രേക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ നിർമാതാക്കളും ആഗ്രഹിക്കില്ല എന്നാണ്. എല്ലാത്തിനുമുപരി, ചലച്ചിത്ര വരുമാനത്തിന്‍റെ 45 ശതമാനം തിയേറ്ററുകളിൽ നിന്നാണ് ലഭിക്കുന്നതെന്നും ബാക്കിയുള്ള ഭാഗം മാത്രമാണ് സംപ്രേക്ഷണത്തിനും ഡിജിറ്റൽ പ്രദർശനങ്ങൾക്കുമായി വിഭജിച്ചുപോകാറുള്ളതെന്നും അജയ് ബിജ്‌ലി ചൂണ്ടിക്കാട്ടുന്നു.
ബോക്സ് ഓഫീസ് വരുമാനമാണ് പ്രാധാന്യമുള്ളതെന്ന് ചലച്ചിത്ര നിർമാതാക്കൾ വിശ്വസിക്കുമ്പോഴും തിയേറ്ററുകളിലെ റിലീസിനായി ചെറിയ സിനിമകൾ നിർമിക്കുന്ന കാലം അവസാനിച്ചുവെന്നും പലരും ചിന്തിക്കുന്നു. കൊവിഡിന് ശേഷം, തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ, ഓൺലൈൻ റിലീസിനായുള്ള ചെറിയ ഇന്ത്യൻ സിനിമകൾ എന്നിങ്ങനെ രണ്ട് വേർതിരിവുകൾ സംഭവിച്ചേക്കാം. ഇതിൽ, മൊഴിമാറ്റം ചെയ്‌തു വരുന്ന 10 ശതമാനം ഹോളിവുഡ് സിനിമകളും സിനിമാശാലകളിലെ ഭാഗത്തിലേക്ക് വന്നുചേരും. അതേസമയം, ചെറിയ സിനിമകളും നീണ്ട സീരീസുകളും സംപ്രേക്ഷണം ചെയ്യുന്ന വിഭാഗങ്ങളിലേക്കും (സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ) കൂട്ടിച്ചേർക്കും.
അതേസമയം, രണ്ട് വിഭാഗങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഇത് അനുകൂല സാഹചര്യമാണ്. ഉദാഹരണത്തിന് ആമസോൺ പ്രൈമിന്‍റെ ഫോർ മോർ ഷോട്ട്‌സിന്‍റെ ആദ്യ സീസൺ സംവിധാനം ചെയ്‌ത അനു മേനോൻ, വിദ്യാ ബാലൻ അഭിനയിച്ച ശകുന്തള ദേവിയുടെ സംവിധായക കൂടിയാണ്. ബിഗ് സ്ക്രീനിന് വേണ്ടി നിർമിച്ചതാണെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ചിത്രം ആമസോൺ പ്രൈമിൽ തന്നെ സംപ്രേക്ഷണം തുടരുകയാണ്. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടിയ ശകുന്തള ദേവിയെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഇരുന്നുകാണുമ്പോൾ ശരിക്കും കഥ കൂടുതൽ അർത്ഥവത്താകുന്നുവെന്നാണ് അനു മേനോൻ പറഞ്ഞത്. മാത്രമല്ല, താൻ ഒരു കഥാകാരിയാണെന്നും അവിടെ അത് പ്രേക്ഷകനിലേക്ക് എത്തിക്കാനുള്ള മാധ്യമത്തിനേക്കാൾ താൻ പ്രാധാന്യം നൽകുന്നത് എത്ര മികച്ച രീതിയിൽ കഥ അവതരിപ്പാക്കാമെന്നതിൽ ആണെന്നും സംവിധായിക അഭിപ്രായപ്പെട്ടു. ശകുന്തളാ ദേവി മാത്രമല്ല, കീർത്തി സുരേഷിന്‍റെ പെൻഗ്വിൻ, ജ്യോതികയുടെ പുതിയ ചിത്രം പൊൻമകൾ വന്താൽ, അദിതി റാവുവിന്‍റെ സൂഫിയും സുജാതയും ചിത്രങ്ങളും തിയേറ്റർ റിലീസ് മാറ്റി ഓൺലൈൻ സാങ്കേതിക വിദ്യകൾ വഴിയുള്ള സംപ്രേക്ഷണത്തിൽ പങ്കെടുത്തു കഴിഞ്ഞു.
എന്നാൽ, ഷൂട്ടിംഗ് എപ്പോൾ ആരംഭിക്കും, എങ്ങനെ? അതാണ് സംശയങ്ങൾ. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷക്കായി തീർച്ചയായും ശുചിത്വവും വൈറസ് പ്രതിരോധ നടപടികളും സ്വീകരിച്ചായിരിക്കണം ചിത്രീകരണം നടത്താൻ. ഏതാണ്ട് പൂർത്തിയായതോ പാതിവഴിയിൽ പൂർത്തിയായതോ ഇനി ആരംഭിക്കാൻ പോകുന്നതോ ആയ നിരവധി സിനിമകൾ ഉണ്ട്. ആമിർ ഖാന്‍റെ ലാൽ സിംഗ് ചദ്ദയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായി. അഭിനേതാക്കളെല്ലാം ഒരേ മേഖലയിൽ തന്നെ ഉള്ളതിനാൽ ചിത്രീകരണം നന്നായി നടക്കുന്നുണ്ടെന്നും ഇനി കാർഗിൽ യുദ്ധത്തിന്‍റെ ഒരു സെറ്റിലും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വച്ചുള്ള ഏതാനും ദിവസത്തെ ഷൂട്ടിംഗും മാത്രമാണ് ശേഷിക്കുന്നതെന്നും സംവിധായകൻ പറയുന്നു. ധാരാളം വിഎഫ്‌എക്‌സ് ജോലികൾ അവശേഷിക്കുന്നുണ്ടെങ്കിലും ഡിസംബർ മാസത്തിൽ തന്നെ ഈ ചിത്രം റിലീസ് ചെയ്യാമെന്നാണ് പ്രതീക്ഷയും. ദിബകർ ബാനർജിയുടെ നെറ്റ്ഫ്ലിക്സ് റിലീസിനായുള്ള, കശ്‌മീരി കുടുംബത്തിലെ മൂന്ന് തലമുറകളെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിന് അവശേഷിക്കുന്നത് വെറും ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമായിരുന്നു. അനുരാഗ് കശ്യപിന്‍റെ പ്രണയ ചിത്രത്തിനും പൂർത്തിയാക്കാനുള്ളത് നാലു ദിവസത്തെ ചിത്രീകരണമാണ്. കരൺ ജോഹർ 250 കോടി ചെലവഴിച്ച് നിർമിക്കുന്ന തക്തിനായി മുംബൈയിൽ ഒരുക്കിയ രണ്ട് സെറ്റുകളും ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ എന്തും മാറാം. ചലച്ചിത്ര വ്യവസായത്തിൽ ചുരുങ്ങിയത് അഞ്ച് ദശലക്ഷം ആളുകളെങ്കിലും പരോക്ഷമായി ജോലി ചെയ്യുന്നു. എന്നിട്ടും, സംസ്ഥാന സർക്കാരുകളോ കേന്ദ്ര ഗവൺമെന്‍റോ ഇതിൽ വലിയ പരിഗണനകൾ നൽകുന്നില്ല. പല തിയേറ്ററുകളും മാളുകളിലാണ്, ഇത് സിനിമാ മേഖലയിൽ മറ്റൊരു വെല്ലുവിളി ഉണർത്തുന്നു. യുഎസിൽ, ക്രിസ്റ്റഫർ നോളന്‍റെ ടെനറ്റ് ജൂലൈ 17ന് റിലീസ് ചെയ്‌തുകൊണ്ട് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ ക്ഷണിക്കുകയാണ്. പക്ഷേ അവിടത്തെ സിനിമാ വ്യവസായം ഇന്ത്യയുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അമേരിക്കയിൽ നാല് പ്രധാന സ്റ്റുഡിയോകളും വലിയ പ്രദർശന ശൃംഖലകളുമുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ടത് കുറച്ച് ഫോൺ കോളുകൾ മാത്രമാണ്. എന്നാൽ, ഇന്ത്യയിൽ പ്രതിവർഷമിറങ്ങുന്ന സിനിമകളുടെ എണ്ണമുൾപ്പടെ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. എങ്കിലും, സിനിമകൾക്കായുള്ള വിശപ്പ് വളരെ വലുതാണ്. പക്ഷേ, അതിനെയും ഒരു വൈറസിന് നശിപ്പിക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.