ചെറിയകാലയളവുകൊണ്ട് മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയ നടനാണ് വിക്കി കൗശല്‍. ഉറി; ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ വിക്കിക്ക് ലഭിച്ചു. ഇപ്പോള്‍ തന്നെ കുറിച്ച് പലര്‍ക്കുമുള്ള തെറ്റിധാരണകള്‍ക്ക് മറുപടി നല്‍കുകയാണ് താരം. അച്ഛന്‍ സിനിമയിലുള്ളത് കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കിട്ടിയതെന്ന പലരുടെയും ധാരണ തെറ്റാണെന്ന് വിക്കി കൗശാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശലിന്‍റെ മകനാണ് വിക്കി കൗശല്‍.
'പഞ്ചാബില്‍ നിന്ന് കയ്യില്‍ ഒന്നുമില്ലാതെ മുംബൈയില്‍ ജോലി തേടി വന്ന ആളാണ് അച്ഛന്‍. കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ട് സ്റ്റേഷനില്‍ കിടന്ന് ഉറങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഏതോ തുണിപ്പീടികയില്‍ സെയില്‍സ്മാനായി കയറി. അയല്‍പ്പക്കത്ത് ഒരു സ്റ്റണ്ട് ബോയ് താമസിക്കുന്നുണ്ടായിരുന്നു. അയാള്‍ വഴി സ്റ്റണ്ട് ബോയിയായി ഒരു സ്റ്റണ്ട് മാസ്റ്ററുടെ കീഴില്‍ ജോലി ചെയ്തു.
ഡ്യൂപ്പായി അപകടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ക്കും അച്ഛന്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. പലരുടെയും വിചാരം അച്ഛന്‍ സിനിമയിലുള്ളത് കൊണ്ടാണ് എനിക്ക് പടങ്ങള്‍ കിട്ടുന്നതെന്നാണ്. അച്ഛന്‍റെ കഷ്ടപ്പാടുകള്‍ ഒരു നടനാകാനുള്ള പ്രചോദനം എനിക്ക് നല്‍കിയിട്ടുണ്ട്' വിക്കി കൗശാല്‍ പറഞ്ഞു.
ഭാനു പ്രതാപ് സിങ് ഒരുക്കി ഫെബ്രുവരിയില്‍ റിലീസിനെത്തിയ ഭൂതാണ് വിക്കിയുടെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഭൂമി പട്നേക്കറായിരുന്നു ചിത്രത്തില്‍ നായിക. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.