മുംബൈ: സിനിമയിൽ വരുന്നതിന് മുമ്പ് ട്രെയിനുകളിൽ പാടി യാത്രക്കാരിൽ നിന്ന് പണം ശേഖരിച്ചിരുന്നുവെന്ന് ബോളിവുഡ് താരം ആയുഷ്‌മാൻ ഖുറാന. കൂടാതെ, തനിക്ക് വന്ന ആറ് സിനിമകൾ നിരസിച്ചതിന് ശേഷമാണ് ആദ്യ സിനിമ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ വളരെ സവിശേഷതയുള്ളത് ആയിരിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഖുറാന കൂട്ടിച്ചേർത്തു.
"പരിപാടികൾക്ക് പോകുന്ന സമയങ്ങളിൽ, പാസ്‌ചിം എക്‌സ്‌പ്രസിലെ നീണ്ട യാത്രകളിൽ പാട്ടുപാടി പണം സമ്പാദിച്ചിരുന്നു. ആ പണമാണ് ഗോവ യാത്രയിലേക്ക് വിനിയോഗിച്ചിരുന്നത്. ട്രെയിനുകളിൽ പാടിയിരുന്നതിനാൽ തന്നെ ഞാനൊരു 'ട്രെയിൻഡ്' ഗായകനാണ്," ഒരു പരിപാടിക്കിടയിൽ നടന്ന ചടങ്ങിൽ വച്ച് ആയുഷ്‌മാൻ ഖുറാന പറഞ്ഞു. "എന്‍റെ ആദ്യ സിനിമ വളരെ സ്‌പെഷ്യൽ ആവണമെന്നുള്ളതിനാൽ തന്നെ തുടക്കത്തിൽ വന്ന അഞ്ചോ ആറോ സിനിമകൾ ഞാൻ നിരസിച്ചു. കാരണം, സിനിമാ ബാക്ക്‌ഗ്രൗണ്ട് ഇല്ലാത്തതിനാൽ തന്നെ രണ്ടാമതായി ഒരു അവസരം ലഭിക്കില്ലെന്ന് അറിയാമായിരുന്നു," വിക്കി ഡോണർ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഖുറാന കൂട്ടിച്ചേർത്തു.
സിനിമാ ബാക്ക്‌ഗ്രൗണ്ടിൽ നിന്ന് വരുന്ന താരങ്ങളുടെയും അല്ലാത്തവരുടെയും അവസരങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "നന്നായി വിജയിച്ച താരങ്ങളുടെ മക്കൾ ശരിക്കും കഴിവുള്ളവരാണ്. അവർക്ക് ആദ്യം ഒരു സുവർണാവസരം ലഭിക്കുന്നതിനാൽ തന്നെ പിന്നീട് ആ മാനദണ്ഡം അനുസരിച്ച് നിലനിൽക്കേണ്ടി വരുന്നു. എന്നെപ്പോലെ ഉള്ളവർ 50% മാത്രമാണ് നൽകുന്നതെങ്കിലും അത് ഞാൻ സ്വന്തമായി ചെയ്‌തതാണെന്ന് പറയും. അതേ സമയം, 80% കഴിവുള്ള താരങ്ങളുടെ മകനോ മകളോ അവരുടെ 100% പ്രാഗൽഭ്യം തെളിയിച്ചാലും പ്രേക്ഷകർ തൃപ്തിപ്പെടില്ല."
ആർട്ടിക്കിൾ 15, അന്ധാദുൻ പോലുള്ള ചിത്രങ്ങൾ താൻ ചോദിച്ച് വാങ്ങിയതാണെന്നും അതിൽ യാതൊരു നാണക്കേടും തോന്നുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ' ചിത്രത്തെ ഡൊണാൾഡ് ട്രംപ് പ്രശംസിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് അമേരിക്കൻ പ്രസിഡന്‍റ് ലൈംഗികന്യൂനപക്ഷത്തെ അനുകൂലിക്കുന്നതിന്‍റെ സൂചനയാണെന്നും ഖുറാന വ്യക്തമാക്കി. ലൈംഗികന്യൂനപക്ഷ സമൂഹത്തിന് പിന്തുണയുമായി ട്രംപ് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നതായും ആർട്ടിക്കിൾ 15 ഫെയിം കൂട്ടിച്ചേർത്തു.