ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് ത്രില്ലര്‍ വെബ് സീരിസ് ദി ഫാമിലിമാന്‍ സീസണ്‍ 2വിന്‍റെ സ്ട്രീമിങ് ജൂണ്‍ നാല് മുതല്‍ ആരംഭിക്കാന്‍ പോകുന്നു. സീരിസിന്‍റെ വരവറിയിച്ച് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സുന്ദരി സാമന്ത അക്കിനേനിയും ഇത്തവണ ഫാമിലിമാന്‍ ടീമിനൊപ്പമുണ്ട്. പ്രതിനായിക വേഷത്തിലാണ് സാമന്ത എത്തുന്നത്. രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന ശ്രീലങ്കന്‍ തമിഴ് വംശജയായാണ് സാമന്ത എത്തുന്നത്. കിടിലന്‍ സംഘട്ടന രംഗങ്ങളും സാമന്ത സീരിസില്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ആദ്യമായാണ് സാമന്ത ഒരു വെബ് സീരിസിന്‍റെ ഭാഗമാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റാണ് ഫാമിലി മാനിലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. കുടുംബജീവിതത്തിലെ സ്വര ചേര്‍ച്ചയില്ലായ്‍മയ്ക്കും ജോലിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാന്തിന്‍റെ ജീവിതത്തിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. നിരവധി നര്‍മ രംഗങ്ങളും രണ്ടാം സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജും ഡികെയും ചേര്‍ന്നാണ് സീരിസ് നിര്‍മിച്ച് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും.
Also read: 'വിവരിക്കാന്‍ കഴിയുന്നില്ല' കര്‍ണന്‍ ടീമിനെ പ്രശംസിച്ച് സംവിധായകന്‍ ആനന്ദ്.എല്‍.റായി