തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ മുഖഛായ മാറ്റിയെഴുതിയതിൽ ജയലളിത വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അവർ സൂപ്പർനായികയായും തിളങ്ങിയിരുന്നു. ജയലളിതയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി എം.എൽ വിജയ് ഒരുക്കുന്ന ബഹുഭാഷ ചിത്രമാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗട്ട് ടൈറ്റിൽ റോളിലെത്തുന്ന സിനിമ ഈ മാസം ഇരുപത്തി മൂന്നിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തലൈവിയുടെ റിലീസ് നീട്ടിവക്കുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒന്നിച്ചാണ് റിലീസിന് പദ്ധതിയിട്ടിരിക്കുന്നത്. അതിനാൽ, തന്നെ സിനിമയുടെ എല്ലാ ഭാഷകളിലുമുള്ള പ്രദർശനം മാറ്റിവക്കുകയാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കാമെന്നും തലൈവി ടീം വ്യക്തമാക്കി. സിനിമയുടെ ട്രെയിലറിന് നൽകിയ പ്രശംസക്ക് നന്ദി അറിയിക്കുന്നതായും നിർമാതാക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ബാഹുബലിക്കും മണികർണികയ്ക്കും തിരക്കഥ എഴുതിയ കെ.ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെ രചയിതാവ്. അരവിന്ദ് സ്വാമിയാണ് തലൈവിയിൽ എംജിആറിനെ അവതരിപ്പിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദൻ ഇന്ധുരി, ഷായിലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.