ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ വിവാദത്തിലായ വെബ് സീരീസ് താണ്ഡവിലെ വിവാദ രംഗങ്ങൾ മാറ്റുമെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. ട്വിറ്ററിൽ പങ്കുവെച്ച ഔദ്യോഗിക പ്രസ്‌താവനയിലാണ് താണ്ഡവിന്‍റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളുടെ വികാരത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നതായും ഏതെങ്കിലും ജാതിയേയോ വംശത്തേയോ സമുദായത്തേയോ മതത്തേയോ വ്രണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചിരുന്നില്ലെന്നും അലി അബ്ബാസ് സഫർ പറഞ്ഞു. സീരീസിൽ നിന്ന് വിവാദത്തിന് കാരണമായ രംഗങ്ങളിൽ മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും പിന്തുണയും നൽകിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. താണ്ഡവ് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ വീണ്ടും മാപ്പു ചോദിക്കുന്നതായും സംവിധായകൻ പറഞ്ഞു.
- — ali abbas zafar (@aliabbaszafar) January 19, 2021 " class="align-text-top noRightClick twitterSection" data="
— ali abbas zafar (@aliabbaszafar) January 19, 2021
">— ali abbas zafar (@aliabbaszafar) January 19, 2021
വെബ് സീരീസ് ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. താണ്ഡവ് ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നും മതവിശ്വാസത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും മറ്റും രംഗത്തെത്തുകയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് പരാതി നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് വിഷയത്തിൽ ആമസോൺ പ്രൈമിനോട് കേന്ദ്രം വിശദീകരണം തേടി. കൂടാതെ, താണ്ഡവിനെതിരെ ലഖ്‌നൗവിൽ എഫ്ഐആറും രജിസ്റ്റർ ചെയ്‌തിരുന്നു.