മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി ഹിന്ദി ചലച്ചിത്ര സംവിധായകൻ സഞ്ജയ് ലീല ബൻസാലി ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് സംവിധായകൻ മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അന്തരിച്ച താരത്തിന് ബൻസാലി, സിനിമകൾ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് ഇത് മുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഡേറ്റ് ക്ലാഷാണ് ഇരുവരും തമ്മിലുള്ള ചിത്രം മുടങ്ങുന്നതിന് കാരണമായത്.
ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ബൻസാലിയോട് ഇന്ന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പട്ടതിനെ തുടർന്നാണ് സംവിധായകൻ സ്റ്റേഷനിൽ എത്തിയത്. സുശാന്തിന്‍റെ വിഷാദരോഗത്തിന് സിനിമാരംഗത്തെ പ്രശ്‌നങ്ങൾ ബാധിച്ചോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. യുവനടന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംവിധായകൻ മുകേഷ് ചബ്ര, ദിൽ ബെചാര സഹതാരം സംഗീത സങ്കി എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യഷ് രാജ് ഫിലിംസുമായി മൂന്ന് സിനിമകൾക്ക് സുശാന്ത് സിംഗ് കരാറിലേർപ്പെട്ടിരുന്നതിന്‍റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്‌പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.