മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുതിന്‍റെ മരണവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത് സുശാന്ത് മരണത്തിന് മുൻപ് ഗൂഗിളില്‍ തെരഞ്ഞ കാര്യങ്ങളാണ്. മരണം, മാനസിക വിഭ്രാന്തി അടക്കമുള്ള വാക്കുകളാണ് സുശാന്ത് മരണത്തിന് മുൻപായി ഗൂഗിളില്‍ തെരഞ്ഞതെന്ന് മുംബൈ പോലീസ് അറിയിച്ചു. വേദനയില്ലാത്ത മരണം, കടുത്ത മാനസിക രോഗമായ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ എന്നീ വാക്കുകൾ സുശാന്ത് നിരന്തരം ഗൂഗിളില്‍ തെരഞ്ഞതായി മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം സ്വന്തം പേരും സുശാന്ത് തെരഞ്ഞിരുന്നതായി കമ്മീഷണർ കൂട്ടിച്ചേർത്തു.
അതേസമയം, സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പണ കൈമാറ്റങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചുവെന്നും കമ്മീഷണർ പറഞ്ഞു. മുംബൈ പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സാധ്യമായ എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിച്ചുവരികയാണെന്നും സിംഗ് പറഞ്ഞു.