സൂര്യ- സുധ കൊങ്ങര കൂട്ടുകെട്ടിൽ 2020ൽ ഒടിടി റിലീസിനെത്തിയ സൂരരൈ പോട്ര് ജനപ്രിയ ചിത്രമായതിനൊപ്പം നിരൂപകപ്രശംസയും നേടി. കൂടാതെ തമിഴ് ചിത്രത്തിന് ഓസ്‌കറിലേക്ക് നോമിനേഷനും ലഭിച്ചിരുന്നു.
ഇപ്പോഴിതാ, സിനിമക്ക് ബോളിവുഡിൽ റീമേക്ക് ഒരുക്കുന്നുവെന്നാണ് നിർമാതാക്കളായ 2ഡി എന്‍റർടെയ്‌ൻമെന്‍റ്‌സ് അറിയിച്ചത്. സുധാ കൊങ്ങരയാണ് ഹിന്ദിയിൽ സൂരരൈ പോട്ര് സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയുടെ അബുണ്ടാന്‍റിയ എന്‍റെർടെയ്‌ൻമെന്‍റുമായി ചേർന്ന് സൂര്യയുടെ 2ഡി എന്‍റർടെയ്‌ൻമെന്‍റാണ് ബോളിവുഡ് ചിത്രം നിർമിക്കുന്നത്.
എയര്‍ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിലെ താരനിരയെ കുറിച്ച് നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് നടൻ അക്ഷയ് കുമാറാകും സൂര്യയുടെ വേഷം ചെയ്യുന്നതെന്നും സൂചനയുണ്ട്.
സൂരരൈ പോട്ര് ബോളിവുഡ് റീമേക്കിൽ സുധ കൊങ്ങര
'കാപ്റ്റൻ ജി.ആര്‍ ഗോപിനാഥിലേക്ക് താൻ വളരെ യാദൃശ്ചികമായാണ് കടന്നുവന്നത്.' എന്നാൽ, എല്ലാവർക്കും പ്രചോദനമാകുന്ന ഒരു സിനിമ ഒരുക്കി വിജയിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും സൂരരൈ പോട്രിന് കിട്ടിയ അംഗീകാരം ബോളിവുഡ് ചിത്രത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുധ കൊങ്ങര പറഞ്ഞു.
More Read: ഐഎംഡിബി റേറ്റിങ്ങിൽ മൂന്നാമതായി സൂരരൈ പോട്ര്
നിലവിൽ സൂരരൈ പോട്രിന്‍റെ ഹിന്ദി റീമേക്കിനുള്ള തിരക്കഥയുടെ പണിപ്പുരയിലാണ് സംവിധായിക. തിയേറ്ററിൽ റിലീസ് ചെയ്യാനായി നിശ്ചയിച്ച സൂരരൈ പോട്ര് ലോക്ക് ഡൗണിനെ തുടർന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയായിരുന്നു. സുധാ കൊങ്ങര ഒരുക്കിയ തമിഴ് ചിത്രത്തില്‍ സൂര്യക്കൊപ്പം അപര്‍ണ ബാലമുരളി, ഉര്‍വശി, മോഹന്‍ ബാബു, പരേഷ് റാവല്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.