ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ ഒടിടി മാര്‍ഗ നിര്‍ദേശങ്ങള്‍ മൂര്‍ച്ചയില്ലാത്ത പല്ലുകള്‍ പോലെയാണെന്നും വിചാരണക്കോ ശിക്ഷിക്കുന്നതിനോ അവ പര്യാപ്‌തമല്ലെന്നും സുപ്രീംകോടതി. താണ്ഡവ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒടിടികളില്‍ പോണ്‍ രംഗങ്ങള്‍ പോലും കാണിക്കാറുണ്ടെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും വ്യാഴാഴ്ച്ച കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് യോജിച്ച നടപടി സ്വീകരിക്കുമെന്നും അവ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിന്‍റെ അറസ്റ്റും സുപ്രീംകോടതി തടഞ്ഞു. അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് അപര്‍ണക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അപര്‍ണ പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. താണ്ഡവ് വെബ് സീരിസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു ആമസോണ്‍ മേധാവിക്കെതിരായ പരാതി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി തുടങ്ങിയവരാണ് ഹര്‍ജി പരിഗണിച്ചത്.