മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് റിയയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത്. ഞായറാഴ്ച ഒമ്പത് മണിക്കൂറോളമാണ് റിയയെ സിബിഐ ചോദ്യം ചെയ്തത്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ചോദ്യം ചെയ്യല്‍ വീണ്ടും തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കൊപ്പമാണ് റിയ നാലാം ദിവസവും ചോദ്യം ചെയ്യലിനെത്തിയത്. ഞായറാഴ്ച ഷോവിക്കിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. മുംബൈ പൊലീസിന്‍റെ സംരക്ഷണത്തിലാണ് റിയയും സഹോദരനും സാന്താക്രൂസിലെ കാലിനയിലെ ഡിആര്‍ഡിഎ ഗസ്റ്റ് ഹൗസില്‍ എത്തിയത്. കൂടാതെ സുശാന്ത് സിംഗിന്‍റെ പാചകക്കാരന്‍ നീരജ് സിംഗും റിയയുമായി ലഹരിമരുന്ന് ഇടപാട് ഉണ്ടായിരുന്നതായി സംശയിക്കുന്ന ഗോവയിലെ ടാമറിന്‍റ് ഹോട്ടല്‍ ഉടമ ഗൗരവ് ആര്യയും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്‍റിന് മുമ്പില്‍ ഹാജരായി. സിബിഐ സുശാന്തിന്‍റെ സഹോദരി മീട്ടു സിംഗിനെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.
കേസിന്‍റെ പശ്ചാത്തലത്തില്‍ റിയക്കെതിരെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് റിയയോട് ചോദിക്കുന്നതെന്നാണ് സൂചന. മൂന്നാം ദിവസം ഒമ്പത് മണിക്കൂര്‍ തുടര്‍ന്ന ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 26 മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും തൃപ്തികരമായ ഉത്തരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുശാന്തിന്‍റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ഫ്ലാറ്റ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന്‍ കേശവ് എന്നിവരെയും സിബിഐ വിളിപ്പിച്ചിരുന്നു.