ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബഹുഭാഷ ചിത്രം ആര്‍ആര്‍ആര്‍ റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍ ഇടംനേടി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറില്‍ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍, ഇലക്‌ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഹിന്ദി തിയേറ്ററിക്കല്‍ റൈറ്റും പെന്‍ നേടിയിരുന്നു. ഇതിനെല്ലാമായി ജയന്തിലാല്‍ ഗാഡ നല്‍കിയത് 475 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെന്‍ ഗ്രൂപ്പില്‍ നിന്നും തിയറ്ററിക്കല്‍ റൈറ്റ് ഒഴികെ എല്ലാ ഭാഷകളിലെയും സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍, ഇലക്‌ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം രൂപ സിനിമ നേടി. ആന്ധ്രപ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം കൂടി ചേരുമ്പോള്‍ 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്‍റെ പ്രീ-റിലീസ് വരുമാനം.
ഡിവിവി ധനയ്യയാണ് ആര്‍ആര്‍ആര്‍ നിര്‍മിക്കുന്നത്. എം.എം കീരവാണി സംഗീത സംവിധാനം സിനിമക്കായി നിര്‍വഹിച്ചിരിക്കുന്നു. കെ.കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആറിന്‍റെ മുഴുവന്‍ പേര്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also read: 'ഫെയ്സ് ഓഫ് ദ വീക്ക്' ; മോഹന്‍ലാലിന് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ആദരം