കൊൽക്കത്ത: നടിയും ഇതിഹാസ താരം സൗമിത്ര ചാറ്റർജിയുടെ ഭാര്യയുമായ ദീപ ചാറ്റർജിക്ക് (83) വിട. ഇന്ന് പുലർച്ചെ കൊൽക്കത്തയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 31ന് ദീപ ചാറ്റർജിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ദുർഗ, ബിലാംബിത, ലോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബാഡ്മിന്റൺ ചാമ്പ്യൻ കൂടിയാണ്. 1960ലായിരുന്നു ദീപ ചാറ്റർജിയും വിഖ്യാത നടൻ സൗമിത്ര ചാറ്റർജിയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വർഷം നവംബറിൽ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊവിഡ് ബാധയിൽ നിന്ന് മുക്തനായെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു മരണം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവ് സൗമിത്ര ചാറ്റർജിയുടെ സംസ്കാരചടങ്ങ്.